ഉംറ നിർവഹിക്കാൻ മുഹമ്മദ് മുഹ്സിൻ എംഎൽഎ; ആറു ദിവസമായിട്ടും മിണ്ടാട്ടമില്ലാതെ സിപിഐ നേതൃത്വം

ദൃഢപ്രതിജ്ഞ എടുത്ത് എംഎൽഎയായ സിപിഐ നേതാവ് മുഹമ്മദ് മുഹ്സിൻ ഉംറ നിർവഹിക്കാൻ പുറപ്പെട്ടത് വിവാദമാകുന്നു. പട്ടാമ്പിയിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഈ മാസം 19 ന് അദ്ദേഹം തൻ്റെ ഫെയസ്ബുക്കിൽ ഉംറയ്ക്ക് പുറപ്പെടുന്ന കാര്യം ചിത്രം സഹിതം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതിനിധി, കമ്യൂണിസ്റ്റ് ആശയത്തിന് വിരുദ്ധമായ മതങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പാർട്ടി വിരുദ്ധമല്ലേ സഖാവെ എന്നാണ് [പോസ്റ്റിനു ലഭിച്ച കമൻറുകളിലധികവും. 2016ലും 2021ലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹ്സിൻ ദൃഢപ്രതിജ്ഞയാണ് എടുത്തിട്ടുള്ളത്. അങ്ങനെയുള്ള ഒരു വ്യക്തി മതപരമായ ചടങ്ങ് നിർവഹിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അണികൾ ഉയർത്തിയിരിക്കുന്നത്.

മതപരമായ ചടങ്ങിൽ പങ്കെടുത്ത മുഹ്സിനെതിരെ നടപടി ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാർട്ടി അംഗമായ മുതിർന്ന നേതാവ് മതപരമായ ചടങ്ങ് നിർവഹിച്ചതിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഐ. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റിട്ട് പാർട്ടിയുടെ അടിസ്ഥാന നിലപാടിനെ വെല്ലുവിളിച്ചിട്ടും മിണ്ടാതിരിക്കയാണ് സിപിഐ സംസ്ഥാന നേതൃത്വം.

കഴിഞ്ഞ കുറെ നാളുകളായി വിഭാഗീയതയുടെ ഭാഗമായി സിപിഐ പാലക്കാട് ജില്ലാ കമ്മറ്റിയുമായി ഇടഞ്ഞു നിൽക്കുകയും നടപടി നേരിടുകയും ചെയ്ത വ്യക്തിയാണ് മുഹ്സിൻ. പാർട്ടിയുടെ ജില്ലാ കമ്മറ്റിയിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് ഇദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. കടുത്ത വിഭാഗീയതയെ തുടർന്ന് പട്ടാമ്പി മണ്ഡലം കമ്മറ്റി പിരിച്ചുവിട്ട് മുഹ്സിനൊപ്പം നിന്ന നേതാക്കളെ സസ്പെൻറ് ചെയ്തിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 2017 സെപ്റ്റംബറിൽ അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തി ഷർട്ട് ഊരി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ഗുരുവായൂരപ്പനെ തൊഴുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടും കഴിപ്പിച്ചു. വൈകിട്ടു ചേർന്ന സമ്മേളനത്തിൽ ‘ഇതു ധന്യവും മനോഹരവുമായ നിമിഷങ്ങൾ’ എന്നു മന്ത്രി വാചാലനായി. മന്ത്രിയുടെ നടപടിക്കെതിരെ സിപിഎം വിശദീകരണം തേടിയിരുന്നു.
2006 ൽ സിപിഎം നിയമസഭാംഗങ്ങളായ എംഎം മോനായി, ഐഷ പോറ്റി എന്നിവർ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിനെ പാർട്ടി രൂക്ഷമായ വിമർശനം ഉയര്‍ത്തിയിരുന്നു.


“ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം” എന്ന് രണ്ട് എംഎൽഎമാർക്കെതിരെ ഇറക്കിയ പാർട്ടിക്കത്തിൽ സിപിഎം വ്യക്തമാക്കിയിരുന്നു.

എന്നാൽ 2021 ൽ സിപിഎം അംഗങ്ങളായ ആൻ്റണി ജോൺ (കോതമംഗലം), ദലീമ (അരുർ), വീണാ ജോർജ് (ആറന്മുള ) എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് പാർട്ടി എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് ആക്ടിംഗ് സെക്രട്ടറിയായിരുന്ന എ വിജയരാഘവൻ വളരെ വിചിത്രമായ മറുപടിയാണ് പറഞ്ഞത്. “സിപിഎമ്മിൽ പുതുതായി വരുന്നവർക്ക് പാർട്ടിയുടെ ബോധം പെട്ടെന്ന് ലഭിക്കില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെ അത് നേടാം. പാർട്ടിയുടെ വിദ്യാഭ്യാസ പരിപാടികൾ ശക്തിപ്പെടുത്താൻ തീരുമാനിക്കും”- എന്നായിരുന്നു ആക്ടിംഗ് സെക്രട്ടറിയുടെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top