മുകേഷ് അംബാനിക്ക് വധഭീക്ഷണി; 20 കോടി നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഇ-മെയില്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീക്ഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനിയെ കൊലപ്പെടുത്തുമെന്ന് ഇമെയില്‍ ഭീഷണി ലഭിച്ചതായി മുബൈ പോലീസ് സ്ഥിരീകരിച്ചു.

20 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിങ്ങളെ ഇല്ലാതാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട് എന്നതായിരുന്നു ഇമെയില്‍ സന്ദേശം. ഇന്നലെ ഷദാബ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് സന്ദേശം കണ്ടെത്തിയത്. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. പരാതിയില്‍ മുംബൈയിലെ ഗാംദേവി പോലീസ് ഐപിസി 387, 506 (2) വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനുമുമ്പും മുകേഷ് അംബാനിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. അംബാനിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തതിന് ബിഹാറില്‍ നിന്നുള്ള ഒരാളെ മുംബൈ പോലീസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ മുംബൈയിലെ അംബാനിയുടെ വീടായ ആന്റിലിയയ്ക്കൊപ്പം എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയും സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2021 അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി. ഈ വാഹനം കൈവശം വച്ചിരുന്ന വ്യവസായി ഹിരണിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന് താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് അംബാനിക്ക് ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top