‘ആനി രാജക്ക് കേരളത്തിൽ എന്ത് കാര്യം’; ദേശീയ നേതാവിനെതിരെ സിപിഐ

ലൈംഗിക ആരോപണ കേസിൽ പ്രതിയായ സിപിഎം എംഎൽഎ രാജിവയ്ക്കണമെന്ന നിലപാട് വ്യക്തമാക്കിയ ദേശീയ വനിതാ നേതാവ് ആനി രാജക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ പാർട്ടിയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ് അല്ലാതെ ദേശീയ നേതാക്കളല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മുകേഷ് രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം എന്നായിരുന്നു സിപിഐ ദേശീയ കമ്മറ്റി അംഗം കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗാന്ധിക്കെതിരെ വയനാട്ടിൽ സിപിഐ മത്സരിപ്പിച്ചത് പാർട്ടിയുടെ ദേശീയ മുഖമായ ആനി രാജയെ ആയിരുന്നു.

ALSO READ: ‘അവിടുത്തെ പോലെ ഇവിടെയും ആകണ്ട’ ; സിപിഎമ്മിനെയും മുകേഷിനെയും തള്ളി വൃന്ദാ കാരാട്ട്

ബലാത്സംഗക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നതിനെതിരെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പത്തനാപുരം മുൻ എംഎൽഎയുമായിരുന്ന കെ പ്രകാശ് ബാബുവും രംഗത്ത് വന്നിരുന്നു. ഇവരുടെ പരസ്യ പ്രതികരണത്തെ തുടർന്നാണ് നടൻ്റെ രാജി ആവശ്യപ്പെടാൻ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം നിർബന്ധിതരായത്. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു പുതിയ നിലപാട് പാർട്ടിക്ക് വ്യക്തമാക്കേണ്ട കാര്യമില്ല. സിപിഐയെയും സിപിഐഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ ആരും നോക്കേണ്ടതില്ല. മാധ്യമങ്ങൾ അക്കാര്യത്തിൽ എഴുതാപ്പുറം വായിക്കേണ്ട കാര്യമില്ല. മുന്നണിയിൽ മുകേഷ് വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, ഒന്നിലധികം ലൈംഗികാരോപണങ്ങൾക്ക് വിധേയനാകുകയും ഒരു കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിൽ മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം സിപിഎമ്മിനെ കണ്ടിരുന്നു. സമാനമായ ആരോപണങ്ങൾ നേരിടുന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ പദവി ഒഴിയാത്ത സാഹചര്യത്തിൽ മുകേഷ് രാജിവയ്ക്കേണ്ട എന്ന നിലപാടാണ് കഴിഞ്ഞ ദിവസം ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും മറ്റ് സിപിഎം നേതാക്കളും സ്വീകരിച്ചിരുന്നത്. ഇത് സിപിഐയുടെ നിലപാടിൽ നിന്നും വിരുദ്ധമായിട്ടും മുന്നണി ഒറ്റക്കെട്ടാണെന്നാണ് ഇടതു മുന്നണി ഘടകകക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറി ഇന്ന് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top