മുല്ലപ്പെരിയാറില്‍ പുതിയ ഡാം തമിഴ്നാട് എതിര്‍ക്കും; സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് എം.കെ.സ്റ്റാലിന്‍; കേരള-തമിഴ്നാട് ബന്ധം ഉലയുന്നു
ഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ രൂക്ഷവിമർശനമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെയാണ് സ്റ്റാലിന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതിവിധികളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സ്റ്റാലിൻ കത്തയച്ചത്. കേരളം മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ ഹർജിയുൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പുനൽകി. ഭദ്രമായിരുന്ന കേരള-തമിഴ്നാട് ബന്ധത്തിനാണ് സ്റ്റാലിന്റെ നിലപാടോടെ ഉലച്ചില്‍ തട്ടുന്നത്.
ചൊവ്വാഴ്ച ഡൽഹിയിൽ ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റിയോഗം, ഡാം വിഷയം അജൻഡയിലുൾപ്പെടുത്തിയതോടെയാണ് സ്റ്റാലിൻ രൂക്ഷവിമർശനമുയർത്തി കത്തയച്ചത്. സ്റ്റാലിന്റെ ശക്തമായ മുന്നറിയിപ്പെത്തിയതിനുപിന്നാലെ യോഗം പരിസ്ഥിതിമന്ത്രാലയം റദ്ദാക്കി. യോഗത്തിൽ പങ്കെടുക്കാനായി കേരള ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയശേഷമാണ് യോഗം റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിച്ചത്.
നിലവിൽ ഡാം സുരക്ഷിതമാണെന്ന് ഒട്ടേറെ വിദഗ്‌ധസമിതികൾ വിലയിരുത്തിയിട്ടുണ്ട് എന്നാണ് തമിഴ്നാട് വാദം. 2006 ഫെബ്രുവരി 27-നും 2014 മേയ് ഏഴിനും സുപ്രീംകോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. പുതിയ ഡാമിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചുകിട്ടാനായി 2018-ൽ കേരളസർക്കാർ ശ്രമിച്ചപ്പോൾ തമിഴ്നാട് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അത്തരത്തിലുള്ള ഏതു നീക്കവും കോടതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന് സുപ്രീംകോടതി അപ്പോൾ വ്യക്തമാക്കി.
അതുകൊണ്ട് കേരള ഐഡിആർബിയുടെ ഇപ്പോഴത്തെ നീക്കവും അത് പരിഗണിക്കാനുള്ള എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റിയുടെ നീക്കവും കോടതിയലക്ഷ്യമാകും. ഇക്കാര്യത്തിലുള്ള എതിർപ്പ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സെക്രട്ടറിയെയും എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി അംഗങ്ങളെയും തമിഴ്നാട് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽനിന്ന് ഇത് നീക്കണമെന്നും ഭാവിയിലും കേരളത്തിന്റെ ഈ ശുപാർശ പരിഗണിക്കരുതെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് നിലപാട് വ്യക്തമാണ്. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി മുല്ലപ്പെരിയാറില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്നത് കേരളത്തിന്റെ മുന്നിലുള്ള ചോദ്യചിഹ്നമായി മാറുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here