കെപിസിസി നേതൃത്വവുമായി പൂര്‍ണ്ണമായി അകന്ന് മുല്ലപ്പള്ളി; സമരാഗ്നി പരിപാടിയില്‍ പങ്കെടുത്തില്ല; പങ്കെടുക്കാത്തതിന് കാരണമുണ്ടെന്ന് വിശദീകരണം

കോഴിക്കോട് : ഇന്ദിരാഭവനില്‍ നിന്നും അപമാനിച്ചിറക്കിവിട്ടുവെന്ന വികാരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് പൂര്‍ണ്ണമായും അകന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയില്‍ നിന്നും മുല്ലപ്പളളി പൂര്‍ണ്ണമായും വിട്ടു നിന്നു. കോഴിക്കോട് ജില്ലയിലെ സമരാഗ്നി പരിപാടി കോട്ടപ്പറമ്പിലാണ് ഇന്നലെ നടന്നത്. വടകരയിലെ മുക്കോളിയിലെ വീട്ടിലുണ്ടായിട്ടും പരിപാടി സ്ഥലത്തേക്ക് മുല്ലപ്പള്ളി തിരിഞ്ഞു പോലും നോക്കിയില്ല. പൂര്‍ണ്ണമായും നേതൃത്വത്തെ അവഗണിക്കുകയാണ് മുല്ലപ്പള്ളി കുറച്ചു നാളായി ചെയ്യുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടികള്‍ പോലും ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസ് പ്രാദേശിക പരിപാടികളിലെല്ലാം മുല്ലപ്പള്ളിയെത്തുന്നുണ്ട്. പോഷക സംഘടനകളുടെ ചടങ്ങുകളിലേക്കുള്ള ക്ഷണം സ്വീകരിക്കാറുമുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പരിപാടി ഒഴിവാക്കും.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും 2021ല്‍ അപമാനിച്ചിറക്കി വിട്ടുവെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയപ്പോള്‍ അതിന്റെ ക്രഡിറ്റ് എല്ലാവരും പങ്കിട്ടെടുത്തു. എന്നാല്‍ നിയമസഭയില്‍ പരാജയപ്പെട്ടപ്പോള്‍ അത് തന്റെ മാത്രം ഉത്തരവാദിത്വമാക്കി. എന്തുകൊണ്ട് മാറ്റുന്നു എന്നതില്‍ ഒരു വിശദീകരണം പോലും നല്‍കിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നത് ഗ്രൂപ്പ് വീതം വയ്ക്കലാണ്. സ്വന്ത്രമായി പ്രവര്‍ത്തിക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ അനുവദിച്ചില്ലെന്നാണ് മുല്ലപ്പളളിയുടെ പരാതി. ഇതൊന്നും പരിഗണിക്കാതെയും ചര്‍ച്ച ചെയ്യാതെയും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയതാണ്. അതിനു ശേഷം കെപിസിസിയില്‍ നടന്ന ഒരു പരിപാടികളിലും മുല്ലപ്പളളി പങ്കെടുത്തില്ല. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമാണെങ്കിലും അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. മുല്ലപ്പളളിയുടെ അസാനിധ്യം കോണ്‍ഗ്രസ് നേതൃത്വവും പരിശോധിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന് ഉണര്‍വ് നല്‍കാനാണ് സമരാഗ്നിയെന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ മുല്ലപ്പള്ളി കോഴിക്കോടെങ്കിലും പങ്കെടുക്കുമെന്നാണ് നേതൃത്വം കണക്കു കൂട്ടിയത്. കോഴിക്കോട്ടെ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തതും മുല്ലപ്പള്ളിയായിരുന്നു. എന്നാല്‍ സുധാകരനും സതീശനും എത്തിയപ്പോള്‍ വിട്ടുനിന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകേണ്ടവര്‍ക്ക് മനസിലായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top