സ്ത്രീകളെ ഉപയോഗിച്ച് ക്ലബുകളിലെത്തിച്ച് പണം പറ്റിക്കല്‍; ഡേറ്റിങ് ആപ്പ് തട്ടിപ്പിന്റെ സൂത്രധാരന്‍ അറസ്റ്റില്‍
അങ്കുര്‍ മീണയെന്ന 26കാരന്റെ തട്ടിപ്പില്‍ പണം നഷ്ടമായത് നിരവധിപേര്‍ക്കാണ്. സ്ത്രീകളെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച് ക്ലബുകളില്‍ എത്തിച്ച് പണം തട്ടുന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി. പണം നേരിട്ട് തട്ടുന്നതിന് പകരം ക്ലബിലെ ഏറ്റവും കൂടുതല്‍ വിലയയുളള ഭക്ഷണം ഓഡര്‍ ചെയ്യിക്കുകയും പിന്നാലെ സ്ത്രീകള്‍ സൂത്രത്തില്‍ രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നത്.
ചില ക്ലബുകളുമായി സഹകരിച്ചാണ് അങ്കുര്‍ മീണ തട്ടിപ്പ് നടത്തിയത്. ഏതെല്ലാം ക്ലബുകളാണ് തട്ടിപ്പിന് കൂട്ടു നിന്നതെന്ന് അറിയാന്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്. ഡല്‍ഹിയില്‍ നിന്നാണ് മുംബൈ പോലീസിലെ സൈബര്‍ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഗോവ, ജയ്പൂര്‍, ഡെറാഡൂണ്‍, ആഗ്ര, ലഖ്‌നൗ, ഭോപ്പാല്‍, ജബല്‍പൂര്‍, റായ്പൂര്‍, നാഗ്പൂര്‍, മുംബൈ, പൂനെ, താനെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഈ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയുടെ പിതാവ് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും സഹോദരന്‍ ദന്തഡോക്ടറുമാണ്. കുടുബത്തിന് തട്ടിപ്പ് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഡേറ്റിങ് ആപ്പുകളില്‍ പെട്ടന്ന് വീഴാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയ പെണ്‍കുട്ടികളെ നിയമിച്ചിട്ടുണ്ട്. ഇവര്‍ ഇരകളെ കണ്ടെത്തി കഴിഞ്ഞാല്‍ ചാറ്റ് ചെയ്ത് വിശ്വാസ്യത നേടും. ഇതിനുശേഷമാണ് തട്ടിപ്പിന്റെ അടുത്തഘട്ടം തുടങ്ങുക. നേരില്‍ കാണാന്‍ പുരുഷന്‍മാരെ ക്ഷണിക്കും.
പുരുഷന്‍മാരെ നേരില്‍ കാണുകയും തുടര്‍ന്ന് ഭക്ഷണം കഴിക്കാനായി ക്ലബിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. വിലകൂടിയ മദ്യം, ഭക്ഷണം എന്നിവ കൂടാതെ ഹുക്ക പോലുള്ളവയാകും പെണ്‍കുട്ടികള്‍ ഓഡര്‍ ചെയ്യുക. ഇത് പലപ്പോഴും ക്ലബിന്റെ മെനു കാര്‍ഡില്‍ പോലും ഉണ്ടാകില്ല. എല്ലാം ഓഡര്‍ ചെയ്തു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ക്ലബില്‍ നിന്നും മുങ്ങുകയാണ് പതിവ്. ഇതോടെ പുരുഷന്‍മാര്‍ വലിയ ബില്‍ നല്‍കേണ്ടി വരും. ബില്‍ നല്‍കിയില്ലെങ്കില്‍ നേരിടാന്‍ ബൗണ്‍സര്‍മാരും സ്റ്റാഫുകളും രംഗത്തെത്തുകയും ചെയ്യും. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായത്. ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ഇത്തരത്തില്‍ നഷ്ടമായവരുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here