ആഡംബര കാര്‍ ഓടിച്ച കുട്ടിയുടെ മാതാവും അറസ്റ്റില്‍; ശിവാനി അഗര്‍വാളിന്റെ അറസ്റ്റ് രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചതിന്; കുടുംബം ഒന്നാകെ ജയിലില്‍

മുംബൈ പുണെയില്‍ കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് യുവഐടി പ്രൊഫഷണലുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മ ശിവാനി അഗര്‍വാള്‍ അറസ്റ്റിലായി. മകന്‍ മദ്യപിച്ചത് വെളിയില്‍ വരാതിരിക്കാന്‍ രക്തസാമ്പിളില്‍ കൃതിമം കാണിക്കാന്‍ കൂട്ടുനിന്നതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫലം അട്ടിമറിക്കാന്‍ പരിശോധനയ്ക്ക് മകന്റെ രക്തസാമ്പിളിന് പകരം അമ്മയുടെ രക്തസാമ്പിള്‍ ആണ് നല്‍കിയത്. ഇത് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് കേസില്‍ അമ്മയും പ്രതി ചേര്‍ക്കപ്പെട്ടത്. കേസില്‍ ഗൂഡാലോചന കുറ്റത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്രന്‍ അഗര്‍വാള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് അമ്മയും അറസ്റ്റിലായത്.

രക്തസാമ്പിള്‍ കൃത്രിമത്തിന്റെ പേരില്‍ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോ. ​​അജയ് തവാര, ഡോ. ശ്രീഹരി ഹാര്‍ണര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ സംരക്ഷണയിലാണ് ഉള്ളത്. അവിടെ പോയി ഇന്ന് മൊഴി എടുക്കുമെന്ന് പോലീസ് അറിയിച്ചു.

അപകടത്തില്‍ ഐടി പ്രൊഫഷണലുകള്‍ മരിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത കൗമാരക്കാരന് ജാമ്യം നല്‍കുകയും ഉപന്യാസം അടക്കമുള്ള ലഘു ശിക്ഷ നല്‍കുകയും ചെയ്തതില്‍ മുംബൈയില്‍ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ ജാമ്യം റദ്ദാക്കി ജൂണ്‍ അഞ്ച് വരെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയത്. ജാമ്യം അനുവദിച്ചതില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വീഴ്ച വന്നോ എന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

മെയ് 19ന് രാത്രിയിലാണ് അമിതവേഗതയില്‍ കൗമാരക്കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് ഐടി പ്രൊഫഷണലുകള്‍ പുണെയില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപകടത്തിന് മുന്‍പ് കൗമാരക്കാരനും സുഹൃത്തുക്കളും ബാറിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് കുട്ടി കസ്റ്റഡിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top