തഹാവൂർ റാണയ്ക്കായി എൻഐഎ അമേരിക്കയിലേക്ക്; മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് കൊച്ചിയിൽ എത്തിയതിലടക്കം ഉടൻ വ്യക്തത വരും
മുംബൈ ഭീകരാക്രമണ കേസ് പ്രതി ഡോ. തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിക്കാൻ എൻഐഎ സംഘം അമേരിക്കയിലേക്ക്. നാലംഗ സംഘമാണ് യുഎസിലേക്ക് പോകുന്നത്. ഒരു ഐജിയും ഡിഐജിയും സംഘത്തിലുണ്ട്. സംഘത്തിലെ ഉദ്യോഗസ്ഥരുടെ പേരുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. തഹാവൂർ റാണയെ കൈമാറുന്നതിനുള്ള നടപടികൾ ഇരു രാജ്യങ്ങളും ആരംഭിച്ചതായിട്ടാണ് വിവരം. ജനുവരി 30ന് എൻഐഎ സംഘം യുഎസിലേക്ക് തിരിക്കും.
ഇന്ത്യക്ക് കൈമാറാനുള്ള കീഴ് കോടതി ഉത്തരവിനെതിരെ തഹാവുർ റാണ സമർപ്പിച്ച പുനപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്. തഹാവൂർ റാണയെ തീഹാർ ജയിലിലാണ് പാർപ്പിക്കുക. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.
പാകിസ്താൻ വംശജനായ തഹാവൂർ റാണ കനേഡിയൻ പൗരനാണ്. പാകിസ്ഥാനിലെ സൈനിക ഡോക്ടറായിരുന്നു. പിന്നീട് കാനഡയിലേക്ക് കുടിയേറുകയും അവിടെ പൗരത്വം നേടുകയും ചെയ്തതു. തുടർന്ന് അമേരിക്കയി ഷിക്കാഗോയിൽ എത്തി ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി പാകിസ്ഥാന് ഭീകരർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് തഹാവൂർ റാണയെ കൈമാറണമെന്നും വിചാരണ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടത്.
2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം (26/11 Mumbai terror attacks) നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ് (താജ് ഹോട്ടല്‍), ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് തൊട്ടുമുമ്പായി റാണ കേരളം സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു.
തൻ്റെ എമിഗ്രേഷൻ ബിസിനസിൻ്റെ ഭാഗമായിട്ടാണ് കൊച്ചിയിൽ എത്തിയതെന്നായിരുന്നു റാണയുടെ വിശദീകരണം. വിദേശ റിക്രൂട്ട്മെൻ്റ് അറിയിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം കൊടുത്ത ശേഷമായിരുന്നു വരവ്. എന്നാൽ ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള മറയായിരുന്നു എന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. എന്നാൽ എന്തിനാണ് ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് കേരളം സന്ദർശിച്ചതിന് പിന്നിൽ എന്താണ് എന്നത് കണ്ടുപിടിക്കാൻ എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. റാണയെ ഇന്ത്യയിൽ എത്തിച്ചാൽ കൊച്ചിയില്‍ എത്തിയതിൻ്റെ ദുരുഹതയടക്കം നീക്കാമെന്ന പ്രതീക്ഷയിലാണ് എൻഐഎ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here