മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; ഉപതിരഞ്ഞെടുപ്പിന് ശേഷം ഉന്നതതല യോഗം
മുനമ്പം ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് നടക്കുന്ന പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണം എന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതിയും യോഗത്തില്‍ ചർച്ച ചെയ്യും. പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും.
“സംസ്ഥാന സർക്കാർ വിചാരിച്ചാൽ പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം തീരും. വഖഫ് ബോർഡിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയാൽ തീരാനുള്ള വിഷയങ്ങൾ മാത്രമേയുള്ളു. പ്രദേശവാസികൾ നടത്തുന്ന സമരം ഒരു മാസമാകാറായിട്ടും സർക്കാർ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ചുമതലയുണ്ട്. വർഗീയ കക്ഷികൾ മുതലെടുപ്പിന് കളമൊരുക്കുകയാണ്. വഖഫ് ഭൂമിയാണെന്ന പേരിൽ ഒരാളെ പോലും കുടിയൊഴുപ്പിക്കാൻ അനുവദിക്കില്ല.”- സതീശൻ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മുനമ്പം പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെങ്കില്‍ ഒരു ദിവസം കൊണ്ട് പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുനമ്പം ഭൂമി പ്രശ്നം വഷളാക്കരുതെന്നും നിയമപരമായി പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളുടെ യോഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here