മുനമ്പം ഭൂമി തർക്കം തീർക്കാൻ സർവകക്ഷി യോഗം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ്
മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന് അദ്ദേഹം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
“സംസ്ഥാന സർക്കാർ വിചാരിച്ചാൽ പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം തീരും. വഖഫ് ബോർഡിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയാൽ തീരാനുള്ള വിഷയങ്ങൾ മാത്രമേയുള്ളു. പ്രദേശവാസികൾ നടത്തുന്ന സമരം ഒരു മാസമാകാറായിട്ടും സർക്കാർ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ചുമതലയുണ്ട്. വർഗീയ കക്ഷികൾ മുതലെടുപ്പിന് കളമൊരുക്കുകയാണ്. വഖഫ് ഭൂമിയാണെന്ന പേരിൽ ഒരാളെ പോലും കുടിയൊഴുപ്പിക്കാൻ അനുവദിക്കില്ല.”- സതീശൻ പറഞ്ഞു.
“പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരുടെ സ്വത്തുക്കൾ നഷ്ടപ്പെടരുത്. അവരുടെ രേഖകൾ ശരിയാക്കി കൊടുക്കേണ്ടതുണ്ട്. നിയമപരമായി അത് ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികൾക്കാണ്. ഫാറൂക്ക് കോളേജിന് ഈ ഭൂമിയിൽ യാതൊരു അവകാശവുമില്ല. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിൻ്റെ അവകാശവാദം ഉപേക്ഷിച്ചാൽ തന്നെ പ്രശ്നം തീരും. ഇതിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. വഖഫ് ബോർഡ് സർക്കാരിൻ്റെ സ്ഥാപനമാണ്. ഈ വിഷയം നിസാരമായി പരിഹരിക്കാൻ സർക്കാരിനു കഴിയും. എന്നിട്ടും പ്രശ്ന പരിഹാരത്തിന് സർക്കാരും മുഖ്യമന്ത്രിയും ഒരു നീക്കവും നടത്താത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.”
“മുനമ്പത്തെ സമരത്തിന് കോൺഗ്രസും യുഡിഎഫും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വഖഫ് ബോർഡ് കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കണം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല. ഭൂമിയുടെ മേലുള്ള അവകാശ വാദം വഖഫ് ബോർഡ് പിൻവലിക്കണം. കർണാടകത്തിലെ വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശം വെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കർഷകർക്ക് റവന്യൂ വകുപ്പ് നൽകിയ നോട്ടീസ് പിൻവലിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉത്തരവിട്ടു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മുനമ്പം വിഷയത്തിൽ സമാന നിലപാട് സ്വീകരിക്കണം.”
“മുനമ്പത്തെ ഭൂമി പ്രശ്ന പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയാൽ മുസ്‌ലിം സംഘടനകൾ എല്ലാ പിന്തുണയും നൽകുമെന്ന് മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളുടെ യോഗം ഇക്കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾ വിളിച്ചു കൂട്ടിയിരുന്നു.എന്നിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പോസിറ്റീവായ നീക്കങ്ങൾ ഉണ്ടാവുന്നില്ല. അതു കൊണ്ടാണ് സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്.” – സതീശന്‍ പറഞ്ഞു.
മുനമ്പം-ചെറായിലെ 410 ഏക്കർ ഭൂമിയിൽ താമസിക്കുന്ന 600 ലധികം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. താമസക്കാരിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. ഈ വിഷയത്തെ ബിജെപി വർഗീയവൽക്കരിക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയാണ്.
എഴുപത്തിനാല് വർഷം മുമ്പ് സിദ്ദിഖ് സേട്ട് എന്നയാൾ കോഴിക്കോട് ഫാറൂഖ് കോളേജിന് മുനമ്പത്ത് 404 ഏക്കർ ഭൂമി വഖഫ് സ്വത്തായി ദാനം ചെയ്തു. എന്നാൽ, ഫാറൂഖ് കോളേജ് ഒരിക്കലും വഖഫ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചിട്ടില്ല. പകരം, 1989 മുതൽ വഖഫ് ചട്ടങ്ങൾക്ക് വിരുദ്ധമായി, പ്രദേശവാസികൾക്ക് ഭൂമി വിറ്റു. ഇതറിയാതെ മുനമ്പം, ചെറായി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങി. തങ്ങൾ അധ്വാനിച്ച ഭൂമി ഇനി സ്വന്തമല്ലെന്ന വാദമാണ് ഇപ്പോൾ അവർ നേരിടുന്നത്.
മുനമ്പം പ്രദേശത്തെ രണ്ട് വാർഡുകളിൽ ഉൾപ്പെട്ട 114 ഏക്കർ ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ നോട്ടീസ് നൽകിയതാണ് വിവാദമായിരിക്കുന്നത്. രണ്ട് വർഷം മുമ്പ്, വഖഫ് ബോർഡ് മുനമ്പം നിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുകയും പുതിയ അവകാശവാദം ഉന്നയിക്കുകയും ചെയ്തുകൊണ്ട് നോട്ടീസ് നൽകി. ഈ ഘട്ടത്തിലാണ് വിഷയത്തിൽ പ്രതികരണമായി സീറോ മലബാർ സഭയും ലത്തീൻ സഭയും സമരം നടത്തുന്ന പ്രദേശവാസികൾക്കൊപ്പം ചേർന്ന് പ്രക്ഷോഭം നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here