മുനമ്പം സമരത്തെ മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയമായി കണ്ടോ എന്ന് സംശയമെന്ന് മാര്‍ പാംപ്ലാനി; ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുത്

മുനമ്പം വഖഫ് ഭൂമി പ്രശ്നം മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയതയുടെ കണ്ണോടെ കണ്ടോ എന്ന് സംശയമുണ്ടെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മുനമ്പത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ഇരുമുന്നണികളുടെയും വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സമരവേദിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിക്ക് എതിരെ ആഞ്ഞടിച്ചത്.

“മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തി. പക്ഷെ പൊതുസമൂഹം നീതിക്ക് വേണ്ടിയുള്ള ജനതയുടെ നിലവിളിയായാണ്‌ സമരത്തെ കാണുന്നത്. ഭരണഘടനാപരമായ ചുമതലകള്‍ ഉള്ള മന്ത്രിയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”

Also Read: മുനമ്പം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ; ഏതറ്റം വരെ പോകേണ്ടി വന്നാലും ഒപ്പമുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

“മുനമ്പം സമരം ബിജെപി വര്‍ഗീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഇരുമുന്നണികളുടെയും ഭാഗത്ത് നിന്നുമുള്ള വീഴ്ചയാണ്. നീതി നടപ്പാകാതിരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.” – ബിഷപ്പ് പറഞ്ഞു.

മുനമ്പം സമരത്തിൽ ക്രൈസ്തവസഭ വർഗീയത കലർത്തുകയാണെന്ന് വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞിരുന്നു. അവിടെ താമസിക്കുന്നവരെ സംരക്ഷിക്കണം എന്നുള്ള നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളുടെ പക്ഷത്താണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനക്ക് എതിരെയാണ് ബിഷപ്പ് രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top