മുനമ്പത്തില്‍ സമവായമില്ല; സർക്കാരിന്‍റെ ജുഡീഷ്യൽ കമ്മിഷൻ തീരുമാനം തള്ളി സമര സമിതി
മുനമ്പത്ത് നിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. ഭൂമിയിൽ താമസിക്കുന്ന എല്ലാവർക്കും കരമടയ്ക്കാൻ അവസരമൊരുക്കും. വഖഫ് ബോർഡ് നോട്ടീസ് നൽകിയ 12 പേർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കില്ലെന്നുമാണ് ഉറപ്പ്. ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സർക്കാർ പ്രഖ്യാപനം.
മുനമ്പം പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും. മുനമ്പത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പ്രശ്ന പരിഹാരം കാണും. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മിഷന്‍ പരിശോധിക്കുമെന്നും യോഗശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജൻ,വി അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട നാല് തീരുമാനങ്ങളാണ് എടുത്തതെന്നും മന്ത്രിമാർ പറഞ്ഞു. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സിഎൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മിഷനെ നിയോഗിക്കുന്നത്. ആവശ്യമായ പിന്തുണ സർക്കാർ നൽകും. എൻക്വയറി കമ്മിഷൻ ആക്ട് വഴിയാണ് പുതിയ കമീഷന്റെ നിയമനം. മൂന്നു മാസത്തിനുള്ളിൽ കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് നിലവിലെ തീരുമാനം.
Also Read: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; ഉപതിരഞ്ഞെടുപ്പിന് ശേഷം ഉന്നതതല യോഗം
ഏതെല്ലാം ഉദ്യോഗസ്ഥരുടെയും വിഭാഗങ്ങളുടെയും സഹായം ആവശ്യമാണെന്ന് കാണുന്ന മുറയ്ക്ക് അതെല്ലാം സർക്കാർ ലഭ്യമാക്കും. മുനമ്പത്ത് താമസിക്കുന്ന രേഖകളുള്ള ഒരാളെയും അവിടെ നിന്ന് കുടിയൊഴിപ്പിക്കില്ല എന്നതാണ് പ്രധാന തീരുമാനം. അവരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കും. ഇതിൽ ഒരു തീരുമാനമാകുന്നത് വരെ നോട്ടീസടക്കമുള്ള നടപടികളൊന്നും സ്വീകരിക്കരുതെന്ന് വഖഫ് ബോർഡിനോട് നിർദേശിച്ചു. അവർ അത് അംഗീകരിച്ചിട്ടുണ്ട്. മറ്റ് നടപടികളൊന്നും സ്വീകരിക്കില്ല. നിലവിൽ കൊടുത്ത നോട്ടീസുകളിലും തീരുമാനം വരുന്നത് വരെ നടപടികൾ ഉണ്ടാവില്ലെന്നും മന്ത്രിമാർ അറിയിച്ചു.
വഖഫ് ബോർഡ് നീക്കത്തിനെതിരെ പ്രദേശവാസികൾ സമരം ആരംഭിച്ച് 43 ദിവസം പിന്നിട്ടപ്പോഴാണ് സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്. അതേസമയം സർക്കാർ നിലപാട് തളളി സമരസമിതി രംഗത്തെത്തി. ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനുള്ള തീരുമാനം നിരാശജനമാണ് എന്നാണ് സമര സമിതിയുടെ ആദ്യ പ്രതികരണം. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ഉന്നതതല യോഗ തീരുമാനത്തിനെതിരെ അവർ പ്രതിഷേധമറിയിച്ചത്.
സമരം പിൻവലിക്കണമെന്ന സർക്കാർ അഭ്യർത്ഥനയും സമരസമിതി തള്ളി. ജുഡീഷ്യൽ കമ്മിഷനെ വച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകുമെന്നും സമരസമിതി പറഞ്ഞു. തീരുമാനത്തിനെതിരെ പന്തം കൊളുത്തിയുള്ള പ്രതിഷേധം തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here