മുനമ്പം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ; ഏതറ്റം വരെ പോകേണ്ടി വന്നാലും ഒപ്പമുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി സിറോ മലബാര്‍ സഭ. മുനമ്പത്തെ പ്രശ്‌നം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകുമെന്ന് കടുത്ത വിമര്‍ശനവും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉന്നയിച്ചു. സമരം ചെയ്യുന്നവര്‍ ഒറ്റയ്ക്കല്ല. ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാര്‍ സഭ ഒപ്പമുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
സമരപന്തലില്‍ എത്തിയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചത്. സത്യാഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്ത് കണക്കു ചോദിക്കാന്‍ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പര്‍ കയ്യില്‍ക്കിട്ടുമ്പോള്‍ എല്ലായിപ്പോഴും വോട്ടു ചെയ്ത് പരിചയമുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിര്‍ബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ തെളിയിക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here