വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; ഹൈക്കോടതിയുടെ കാരുണ്യം കാത്ത് സര്‍ക്കാരും ഊരാളുങ്കലും

കൊട്ടിഘോഷിച്ചു തുടങ്ങിയ മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് 12 ദിവസം കഴിഞ്ഞിട്ടും നിര്‍മ്മാണം തുടങ്ങാനായില്ല. കഴിഞ്ഞ മാസം 27 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ടത്. നഷ്ടപരിഹാരം സംബന്ധിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായാലേ നിര്‍മ്മാണം തുടങ്ങാന്‍ കഴിയുകയുള്ളൂ.

സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് നിര്‍മ്മാണം അനിശ്ചിതത്വത്തിലാണെങ്കിലും വിവിധ സാമൂഹ്യ സംഘടനകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. മുസ്ലീം ലീഗിന്റെ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം കല്‍പ്പറ്റ വില്ലേജില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പത്തര ഏക്കര്‍ സ്ഥലത്ത് 1000 ചതുരശ്ര അടി വലിപ്പമുള്ള 105 വീടുകളാണ് ലീഗ് നിര്‍മ്മിക്കുന്നത്. ഓരോ വീടും എട്ടു സെന്റ് സ്ഥലത്താണ് പണിയുന്നത്. ഭാവിയില്‍ രണ്ട് നില പണിയാനാവും വിധത്തിലുള്ള അടിത്തറയിലാണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. ശുദ്ധജവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തതും സമുച്ചയം പണിയുന്നതും.

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.47 ഹെക്ടറിലാണ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നത്. ഏറ്റെടുത്ത എസ്റ്റേറ്ററ്റ് ഭൂമിക്കായി 26 കോടി രൂപ അപര്യാപ്തമാണെന്നും 549 കോടി രൂപ വേണം എന്നും ആവശ്യപ്പെട്ടാണ് മാനേജ്‌മെന്റ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നഷ്ടപരിഹാരം അപര്യാപ്തമാണെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. നഷ്ടപരിഹാര ഹര്‍ജി തീര്‍പ്പായില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീണ്ടുപോകും. എട്ടു മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരും നിര്‍മ്മാണ കമ്പിനിയായ ഊരാളുങ്കലും വാഗ്ദാനം ചെയ്തിരിക്കുന്നത്. 430 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 30 നാണ് വയനാട് ജില്ലയിലെ മേപ്പാടി വില്ലേജിലെ മുണ്ടക്കൈ , ചൂരൽമല , പുഞ്ചിരി മട്ടം എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായത്.
ദുരന്തത്തിൽ 298 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. 128 പേരെ കാണാതായതിൽനിന്ന് 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. 500 ലധികം വീടുകളാണ് ഉരുൾ പൊട്ടലിൽ തകർന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here