രണ്ടാം വരവില്‍ പാർട്ടിയുടെ തുറുപ്പുചീട്ട്; വടകരയിലും നേമത്തും ഇപ്പോള്‍ തൃശ്ശൂരിലും; കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ അണികളുടെ പ്രിയപ്പെട്ട കെഎം
തിരുവനന്തപുരം : ലീഡര്‍ കെ.കരുണാകരന്റെ മകന്‍ എന്ന ലേബലില്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്നയാളാണ് കെ.മുരളീധരന്‍. കെപിസിസി പ്രസിഡന്റ്, എംപി, മന്ത്രി എന്നിങ്ങനെയുള്ള പദവികളെല്ലാം കരുണാകരന്റെ പുത്രവാത്സല്യം കൊണ്ട് തന്നെയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയായപ്പോള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് പോയി. അച്ഛന്‍ രൂപീകരിച്ച ഡി ഐ സി കെയില്‍ ആദ്യം പിന്നീട് പാര്‍ട്ടിയോട് എന്‍സിപിയില്‍ ലയനം. ഒരിടത്തും ക്ലച്ച് പിടിക്കാതെ വന്നതോടെ നേതാക്കളുടെ പിന്നാലെ നടന്ന് കോണ്‍ഗ്രസില്‍ രാഷ്ട്രീയ അഭയം നേടി. ഒരു രൂപ മെമ്പര്‍ഷിപ്പ് മാത്രമാണ് ആവശ്യപ്പെടുന്നതെന്നായിരുന്ന മുരളീധരന്‍ അന്ന് പറഞ്ഞത്. എന്നാല്‍ രണ്ടാം വരവില്‍ തികഞ്ഞ രാഷ്ട്രീയ പക്വതയുള്ള അച്ഛന്റെ തണല്‍ വേണ്ടാത്ത തലപൊക്കമുള്ള, അണികളുളള നേതാവായി മുരളീധരന്‍ മാറി. ഒപ്പം കെഎം എന്ന ചുരുക്കപ്പേരില്‍ വിലിയ നേതാവായി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം കേരളം മുഴുന്‍ നടന്ന് അണികള്‍ക്ക് ആവേശവുമായി.
രണ്ടാം വരവില്‍ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക മണ്ഡലത്തിലെ തുറുപ്പ് ചീട്ടായി മുരളീധരന്‍ മാറി. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലായിരുന്നു ആദ്യ മത്സരം. അനായാസം വിജയിച്ച് നിയമസഭയിലെത്തി. തന്നേക്കാള്‍ ജൂനിയരായവര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി തന്നെ മുരളീധരന്‍ നിയമസഭയില്‍ പിന്‍ ബെഞ്ചിലിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍കാവില്‍ നിന്ന് തന്നെ വിജയിച്ചു. കെപിസിസി പ്രസിഡന്റായതിനാല്‍ വടകരയില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള അന്വേഷണം ചെന്നു നിന്നത് മുരളീധരനിലായിരുന്നു. പി.ജയരാജനെ ഇറക്കി വടകര എങ്ങനേയും പിടിക്കാനുളള സിപിഎം ശ്രമം മനസിലാക്കിയാണ് മുരളിയെ തന്നെ കോണ്‍ഗ്രസ് എത്തിച്ചതും മികച്ച വിജയം സ്വന്തമാക്കിയതും.
ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് വി.ശിവന്‍കുട്ടിയാണെങ്കിലും കാരണം മുരളീധരനായിരുന്നു. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് കാരണക്കാര്‍ എന്ന ആരോപണം മറികടക്കാനായിരുന്നു. ആ ചര്‍ച്ചയും ചെന്നെത്തിയത് മുരളീധരനിലായിരുന്നു. പരാജയപ്പെട്ടെങ്കിലും ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ മുരളിക്കായി. ഇതിനിടയില്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തി വിമത സ്വരമായും മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. എന്നാല്‍ വീണ്ടും മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തന്നെ ആവശ്യപ്പെടുകയായിരുന്നു.
വടകരയില്‍ പ്രചരണം തുടങ്ങി മണ്ഡലം കണ്‍വന്‍ഷന്‍ അടക്കം തീരുമാനിച്ചപ്പോഴാണ് പത്മജയുടെ ബിജെപി പ്രവേശനം വന്നത്. കോണ്‍ഗ്രസ് ഒന്ന് പതറിയെങ്കിലും മുരളീധരനെ തന്നെ ആദ്യം ഇറക്കി പ്രതിരോധം തീര്‍ത്തു. രൂക്ഷമായി വിമര്‍ശിച്ചുളള മുരളിയുടെ പ്രതികരണത്തിനു പിന്നാലെയാണ് മറ്റ് നേതാക്കള്‍ പ്രതികരിച്ചതും. ഒപ്പം പത്മജയുടെ തട്ടകമായ തൃശൂരില്‍ തന്നെ മുരളിയെ മത്സരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തീരുമാനം സര്‍പ്രൈസായിരുന്നു. ഇതിന് ക്രോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത് കേരളത്തില്‍ എവിടെ നിന്നും മത്സരിച്ച് വിജയിക്കാന്‍ കഴിയുന്ന നേതാവായുള്ള മുരളിയുടെ വളര്‍ച്ച തന്നെയാണ്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച തോറ്റ ഏക മന്ത്രിയെന്ന നാണക്കേടിന്റെ ചരിത്രത്തില്‍ നിന്നാണ് മുരളീധരന്റെ ഈ രാഷ്ട്രീയ വളര്‍ച്ചയെന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്.