സിപിഎം ചോദിക്കുന്നതെല്ലാം തെലുങ്കാനയില്‍ കൊടുക്കാനാവില്ല, ബിആര്‍എസിനൊപ്പം നടന്നിട്ട് ഒന്നും കിട്ടാതായപ്പോഴാണ് കോണ്‍ഗ്രസിന് പിന്നാലെ വന്നത്. ചര്‍ച്ച പോലും മുന്നണി മര്യാദയുടെ ഭാഗമെന്ന് കെ.മുരളീധരന്‍

ഹൈദ്രാബാദ് : തെലുങ്കാനയില്‍ സിപിഎം ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്‌ക്രീനിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.മുരളീധരന്‍. 5 സീറ്റുകളാണ് സിപിഎം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് ഏതൊക്കെ സീറ്റ് എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. സിപിഎം കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാളെയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് കെ.മുരളീധരന്‍ മാധ്യമ സിന്‍ഡിറ്റിനോട് പറഞ്ഞു.

ചര്‍ച്ച ഇന്‍ഡ്യ മുന്നണി മര്യാദയുടെ ഭാഗം.

സിപിഎമ്മുമായി തെലുങ്കാനയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇന്‍ഡ്യ മുന്നണി മര്യാദയുടെ ഭാഗമായാണെന്ന് കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുവരെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്കൊപ്പമായിരുന്നു ഇടതു പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും ഉണ്ടായിരുന്നത്. എന്നാല്‍ തിരിഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ സഖ്യം പൊളിഞ്ഞു.യാതൊരു ചര്‍ച്ചയുമില്ലാതെ മുഴുവന്‍ സീറ്റുകളിലേക്കും ബിആര്‍എസ് സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇടതു പാര്‍ട്ടികളുടെ സിറ്റിങ്ങ് സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിആര്‍എസ് നയം വ്യക്തമാക്കി. ഇതോടെയാണ് പെരുവഴിയിലായ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ശ്രമം തുടങ്ങിയത്. ഇടതു പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച മുന്നണി മര്യാദ പാലിക്കാമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയുടേയും സോണിയഗാന്ധിയുടേയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കാന്‍ കഴിയില്ല.

സിപിഎം ആവശ്യപ്പെടുന്ന സീറ്റുകളെല്ലാം നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി കെ.മുരളീധരന്‍. അഞ്ച് സീറ്റ് എന്ന ആവശ്യം ആദ്യഘട്ട സീറ്റ് ചര്‍ച്ചയില്‍ തന്നെ നിരസിച്ചിട്ടുണ്ട്. രണ്ട് സീറ്റ് എന്ന നിര്‍ദ്ദേശം സിപിഎം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സീറ്റെന്നതിലാണ് തര്‍ക്കം തുടരുന്നത്. ഒരുകാലത്ത് ഇടത് ശക്തികേന്ദ്രമായ ഖമ്മം ജില്ലയിലാണ് സിപിഎം സീറ്റ് ആവശ്യപ്പെടുന്നത്. പ്രധാനമായും കോണ്‍ഗ്രസ് സിറ്റിങ്ങ് സീറ്റുകളായ ഭദ്രാചലം,മഥിര, ഇവകൂടാതെ പലൈര്‍ തുടങ്ങിയ സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്ര്‌സ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്കെയുടെ മഥിര വേണമെന്ന ആവശ്യം ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു കാലത്ത് ശക്തിയുണ്ടായിരുന്ന ഇടത് കക്ഷികള്‍ ഇപ്പോള്‍ നാമമാത്രമാണ് തെലുങ്കാനയിലുളളത്. രണ്ട് സീറ്റ് നല്‍കാമെന്ന നിര്‍ദ്ദേശം സിപിഐ അംഗീകരിച്ചിട്ടുണ്ട്. കോത്തഗുഡെം, ചെന്നൂര്‍ മണ്ഡലങ്ങളാണ് സിപിഐയ്ക്ക് നല്‍കുന്നത്. സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ നാളെ കൊണ്ട് തന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.

തെലുങ്കാനയില്‍ വിജയ പ്രതീക്ഷ

തെലുങ്കാനയില്‍ ഇത്തവണ വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ.മുരളീധരന്‍. ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരമുണ്ട്. ഇന്‍ഡ്യ മുന്നണിയായുള്ള മത്സരവും ഗുണം ചെയ്യും. സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. 119 സീറ്റുകളുള്ള തെലുങ്കാനയില്‍ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുളള 19 സീറ്റുകളില്‍ കൂടി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തിലാക്കാണ് കോണ്‍ഗ്രസിന്റെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top