തന്നെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ കെ.സുധാകരനെന്ന് ഇ.പി.ജയരാജന്‍; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം; വിധിക്കെതിരെ അപ്പീല്‍ നല്‍കും

കണ്ണൂര്‍: തന്നെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത്. വധശ്രമക്കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നിയമപരമായ നടപടികള്‍ കേസില്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ജയരാജന്‍ പറഞ്ഞു.
“വധശ്രമം ആസൂത്രണം ചെയ്തത് സുധാകരനാണ്. സുധാകരന് ഒപ്പം മറ്റ് പലരും ഉണ്ടായേക്കാം. വാടകക്കൊലയാളികളുടെ ഒന്നാമത്തെ ലക്ഷ്യം പിണറായി വിജയനായിരുന്നു. ഞങ്ങള്‍ വ്യത്യസ്ത സമയത്താണ് കേരളത്തിലേക്ക് വന്നത്. പിണറായി ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ എന്നെ വെടിവച്ചത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു.”
“കേസില്‍ ഗൂഡാലോചന കുറ്റത്തില്‍ സുധാകരനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്ക് എതിരെയാണ് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 1995 എപ്രിലിലാണ് ട്രെയിനില്‍ വച്ച് എനിക്ക് നേരെ വധശ്രമം നടന്നത്. കേസില്‍ രണ്ടുപേര്‍ അന്ന് അറസ്റ്റിലായി. ട്രെയിനില്‍ നിന്നും പുറത്തുചാടി പരുക്ക് പറ്റിയപ്പോഴാണ് ഒരു പ്രതിയെ ആന്ധ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു ട്രെയിനില്‍ രക്ഷപ്പെട്ട രണ്ടാം പ്രതിയെ ചെന്നൈ പോലീസ് സ്റ്റേഷനില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.”
“വധിക്കാന്‍ തോക്ക് തന്നത് കെ.സുധാകരനും മറ്റും ആണെന്നാണ് പ്രതികള്‍ റെയില്‍വേ പോലീസില്‍ മൊഴി നല്‍കിയത്. ഇത് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ കേരളീയരാണ് എന്നറിയുന്നത് പിന്നീടാണ്. വിക്രം ചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരായിരുന്നു പ്രതികള്‍. ഇവര്‍ വാടകക്കൊലയാളികളായിരുന്നു. ഇവര്‍ക്ക് ഓങ്കോള്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവ് വിധിച്ചതാണ്. ഒരാള്‍ മരിച്ചു. പേട്ട ദിനേശന്‍ ഇപ്പോഴും ജയിലിലാണ്. ഇയാള്‍ സുധീഷ് കൊലക്കേസില്‍ പ്രതിയാണ്. കൊലയാളികളെ എനിക്ക് അറിയില്ല. അവര്‍ക്ക് എന്നോട് വ്യക്തിപരമായി വിദ്വേഷവുമില്ല”. – ജയരാജന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here