ജയിലിൽ സിപിഎമ്മുകാരൻ കൊല്ലപ്പെട്ടതിൽ ബിജെപി പ്രതികളെ വെറുതെവിട്ടു; ജയിലിൽ രാഷ്ടീയം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് പി.ബി സുരേഷ്കുമാർ, ജസ്റ്റിസ് പി.ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷണൽ ബഞ്ച് റദ്ദാക്കിയത്. സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലാണ് ജയിലിനുള്ളിൽ ഏറ്റുമുട്ടിയത്. പ്രതികളിൽ മൂന്ന് പേർക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച കോടതി മറ്റുള്ളവരെ വെറുതെ വിട്ടു.

2004 ജൂൺ 4 ന് നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകരായ എ.സി പവിത്രൻ, അനിൽ കുമാർ, പി. വി അശോകൻ, ഫൺഗുണൻ, കെ.പി രഘു, സനൽ പ്രസാദ് പി.കെ. ദിനേശൻ, ശശി, സുനി എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒൻപത് പ്രതികളിൽ രണ്ടു പേർ ഇതിനോടകം മരണപ്പെട്ടു. രണ്ടാം പ്രതി ഫൽഗുനൻ, അഞ്ചാം പ്രതി ദിനേശൻ , ഒൻപതാം പ്രതി അശോകൻ എന്നിവരെയാണ് കോടതി ആറുമാസം തടവിനു ശിക്ഷിച്ചത്.

പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നും പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ വിധിയിൽ പറയുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൻ്റെ വിധിയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ചില തടവുകാർക്ക് അവരുടെ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പരിഗണനയെപ്പറ്റിയും കോടതി പരാമർശിച്ചിട്ടുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുന്നതിനും തടവിലാക്കുന്നതിനും ഒരു പൊതുനിയമം നിലനിൽക്കുന്നുണ്ട്. ജയിലുകളിലെ തടവുകാരെയും ആ നിയമത്തിനനുസരിച്ചാണ് കൈകാര്യം ചെയ്യേണ്ടത്. തടവുകാർക്കിടയിൽ വിഭാഗീയതയ്ക്ക് സ്ഥാനമില്ല. കണ്ണൂരിലെ സെൻട്രൽ ജയിലിൽ തടവുകാരെ അവരുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ബ്ലോക്കുകളിലായി പാർപ്പിക്കുന്നത് എങ്ങനെയാണെന്ന് കോടതിക്ക് മനസിലാവുന്നില്ല എന്നും വിധിയിൽ പറയുന്നു. ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ശിക്ഷിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾക്ക് വേണ്ടി പി. വിജയഭാനു, എസ് രാജീവ്, അർജുൻ ശ്രീധർ എന്നിവർ കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top