ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലന്‍ ചരിഞ്ഞു; അവശനിലയില്‍ കണ്ടത് ഇന്നലെ

ഇടുക്കി ചിന്നക്കനാലില്‍ കൊമ്പുകോര്‍ത്ത കാട്ടാനകളില്‍ ഒന്ന് ചരിഞ്ഞു. മുറിവാലൻ കൊമ്പനാണ് ചരിഞ്ഞത്. കുത്തേറ്റ് അവശനിലയില്‍ കിടന്നിരുന്ന കൊമ്പന് വനംവകുപ്പ് ചികിത്സ നല്‍കിയെങ്കിലും ഫലിച്ചില്ല. ചക്കക്കൊമ്പനും മുറിവാലനുമാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ഇന്നലെ പുലര്‍ച്ചയോടെയാണ് കൊമ്പനെ ഗുരുതരനിലയില്‍ കണ്ടത്. ചിന്നക്കനാൽ മേഖലയില്‍ ഭീതി വിതറുന്ന ആനകളാണ് ഇരുവരും.

ആനയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ ഫലം കണ്ടിരുന്നില്ല. ദേഹത്ത് 15 കുത്തുകള്‍ ഏറ്റിരുന്നു. പിൻഭാഗത്തും കാലിനുമേറ്റ പരുക്ക് അതീവഗുരുതരമായതിനെ തുടര്‍ന്നാണ് ചരിഞ്ഞത്. ആന്റിബയോട്ടിക്കുകളും വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. ചരിയാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മുറിവാലനെ ആക്രമിച്ച ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയില്‍ തന്നെയുണ്ട്‌.

ചിന്നക്കനാലിലെ രണ്ട്, ഒമ്പത്, പതിനൊന്ന് വാർഡിലായി കിടക്കുന്ന ആയിരം ഏക്കറോളം വരുന്ന ഭൂമി ആനകളുടെ വിഹാരരംഗമാണ്. അവിടെയുള്ള മുപ്പതോളം ആനകളില്‍ പെട്ടതാണ് ചക്കക്കൊമ്പനും മുറിവാലനും. ഇവിടെ നിന്നാണ് അരിക്കൊമ്പനെ പിടിച്ച് നാടുകടത്തിയതും. 2023 ഏപ്രിൽ 29നാണ് ചിന്നക്കനാൽ സിമന്റുപാലത്ത് മയക്കുവെടി വച്ച് അരിക്കൊമ്പനെ പിടികൂടിയത്. തമിഴ്നാട്ടിലെ കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top