ചന്ദ്രന്‍ ഭൂമിയിലേക്ക്; ‘മ്യൂസിയം ഓഫ് ദ മൂൺ’ ഇൻസ്റ്റലേഷന്‍ കനകക്കുന്നില്‍

തിരുവനന്തപുരം: ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാന്‍ ഇന്ത്യ തയാറെടുക്കുമ്പോള്‍ ഇതാ ചന്ദ്രന്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. തിരുവനന്തപുരം കനകക്കുന്നിലാണ് 23 അടി വ്യാസമുള്ള ചന്ദ്രഗോളം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരം പ്രദര്‍ശനം. ‘മ്യൂസിയം ഓഫ് ദ മൂൺ’ ഇൻസ്റ്റലേഷനാണ് ഇതിനുപിന്നില്‍. ലോക പ്രശസ്ത ആർട്ടിസ്റ്റ് ലൂക് ജെറമിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുന്നത് .

മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ളതാണ് ചന്ദ്രഗോളം. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക. ചന്ദ്രോപരിതലത്തില്‍ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, ‘മ്യൂസിയം ഓഫ് ദ മൂൺ’ ഉണ്ടാക്കിയിട്ടുള്ളത്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യ പ്രദർശനം സംഘടിപ്പിച്ചത്.

ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിച്ചത്. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് ‘മ്യൂസിയം ഓഫ് ദ മൂൺ’ ഒരുക്കിയത്.

Logo
X
Top