സംഗീതം ആഘോഷമാക്കിയ കെ.ജെ ജോയിക്ക് വിട; ദക്ഷിണേന്ത്യൻ സിനിമാസംഗീതം ആധുനികവല്‍ക്കരിച്ച നിത്യവസന്തം

‘കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു..’ 80കളില്‍ ഇറങ്ങിയ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും ഒരു പുതുമയുണ്ട്. മോഡേണ്‍ ഫീല്‍ ഉണ്ട്.” ഇതായിരുന്നു ജോയിയുടെ മികവ്. പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയിയെപ്പറ്റി ചലച്ചിത്രഗാന നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍ ഓര്‍ത്തെടുത്തത്‌ ഇങ്ങനെ. ദക്ഷിണേന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ക്ക് തന്‍റേതായ ശൈലിയിലൂടെ പുതിയൊരു ഭാവം കൊണ്ടുവരാന്‍ ജോയിക്ക് കഴിഞ്ഞു. മലയാളസിനിമയില്‍ അന്നുവരെ കേട്ടുകൊണ്ടിരുന്ന പഴയശൈലികള്‍ പൊളിച്ചെഴുതാന്‍ ജോയ് ഈണം നല്‍കിയ ഗാനങ്ങള്‍ക്കായി.

70കളിലാണ് കെ.ജെ ജോയ് എന്ന തൃശ്ശൂര്‍ക്കാരന്‍ സംഗീതസംവിധായക പദവിയിലേക്ക് വരുന്നത്. അതിനുമുന്‍പ് എക്കോഡിയൻ എന്ന സംഗീത ഉപകരണം ഉപയോഗിച്ച് പാട്ടുകളുമായി ബന്ധം തുടങ്ങി. നൂറോളം സംഗീത സംവിധായകർക്കുവേണ്ടി എക്കോഡിയനും കീബോർഡും വായിച്ച ബഹുമതി ഒരുപക്ഷെ ഇദ്ദേഹത്തിനു മാത്രമാകാം. ആദ്യകാലത്ത് പള്ളികളിലെ ഗായക സംഘത്തില്‍ വയലിൻ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം കുറിക്കുന്നത്. എക്കോഡിയൻ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളായിരുന്നു കെ.ജെ ജോയ്.

പതിനെട്ടാം വയസ്സിൽ പ്രശസ്ത സംഗീതജ്ഞന്‍ എം.എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നു. നൊട്ടേഷനുകൾ നോക്കാതെ പാട്ടുകൾ കേൾക്കുമ്പോൾത്തന്നെ അത് വായിച്ചു കേൾപ്പിച്ചിരുന്ന ജോയ് എം.എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകളില്‍ സഹായിയായി പ്രവർത്തിച്ചു.

സ്വന്തമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയും ജോയിക്ക് ഉണ്ടായിരുന്നു. സംഗീതത്തിനു പുറമെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറുകളോടുമായിരുന്നു ഭ്രമം. അങ്ങനെ കാറുകളും സംഗീതവുമൊക്കെയായി രാജകീയ ജീവിതമായിരുന്നു ജോയിയുടേത്. അദ്ദേഹം താമസിച്ച കൊട്ടാരതുല്യമായ വീടും നിരവധി സിനിമകള്‍കളില്‍ പ്രത്യക്ഷപ്പെട്ടു. ചെന്നൈയിലെ ജോയിയുടെ കല്പന ഹൗസ് പരിചിതമല്ലാത്ത സിനിമാക്കാര്‍ ഉണ്ടാകില്ല.

1975ലെ ‘ലൗ ലെറ്റര്‍’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. സംഗീത സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ച ജോയിക്ക് ഏറ്റവും മികച്ച തുടക്കമായിരുന്നു അത്. നടന്‍ ജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജോയ്, അദ്ദേഹത്തിനായി പാട്ടുകള്‍ സൃഷ്ടിച്ചു. എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി…(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത… , കുങ്കുമസന്ധ്യകളോ …(സർപ്പം), മറഞ്ഞിരുന്നാലും… (സായൂജ്യം), മഴ പെയ്തു പെയ്ത്…(ലജ്ജാവതി), ആഴിത്തിരമാലകൾ…(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ…(ഇതാ ഒരു തീരം),…കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ.. എന്നിവയാണ് ജോയിയുടെ ഏറെ ജനപ്രിയമായ ഗാനങ്ങള്‍.

‘മ്യൂസിക് ഓഫ് ജോയ്’, സന്തോഷത്തിന്‍റെ സംഗീതം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ കീബോര്‍ഡ് പോലുള്ള ആധുനിക ഉപകരണങ്ങള്‍ ജോയ് പരിചയപ്പെടുത്തി. ലോകം അദ്ദേഹത്തിന് ടെക്നോ-മ്യുസീഷ്യന്‍ എന്ന പേരുനല്‍കി. പുതുതലമുറയുടെ ആശാഭിലാഷങ്ങള്‍ മനസിലാക്കി അത് സംഗീതത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്ക് ജോയിയുടെ പാട്ടുകള്‍ ഹരമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംഗീത രചയിതാവുമായ പന്തളം സുധാകരന്‍ പറയുന്നു. 1986ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്റെ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ ‘ധനുമാസക്കുളിരല ചൂടി ഋതുഗാന പല്ലവി പാടി’, ‘തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാ’, എന്നീ വരികളിലൂടെ തന്റെ സംഗീതജീവിതത്തിന് ഈണം നല്‍കിയത് കെ.ജി ജോയിയായിരുന്നു എന്ന് സുധാകരന്‍ പറഞ്ഞു.

ജോയിയുടെ പാട്ടുകള്‍ ആഘോഷമായിരുന്നു. രാജകീയമായി പാട്ടുകള്‍ സൃഷ്ടിക്കാനാണ് ഇഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ഒരുപാട് സംഗീതോപകരണങ്ങള്‍ അദ്ദേഹം പാട്ടുകളില്‍ ഉള്‍പ്പെടുത്തി. ലിസ, സർപ്പം, മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 200ഓളം ചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 1979ല്‍ ഇറങ്ങിയ സായൂജ്യം സിനിമയിലെ ‘കാലിത്തൊഴുത്തിൽ പിറന്നവനെ’ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്‌ ആണ്.

1990 വരെ മലയാള ചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തി. ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നതിൽ മാത്രമായിരുന്നില്ല ജോയിയുടെ താല്പര്യം. ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.

മലേഷ്യയില്‍വെച്ചുണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന്, ഇടത് കാല്‍ മുറിച്ചുകളയേണ്ടിവന്ന ജോയ്, ചെന്നൈയിലെ വീട്ടില്‍ വിശ്രമിക്കുമ്പോഴും മനസ്സില്‍ സംഗീതം മാത്രമായിരുന്നു. താന്‍ മരിച്ചിട്ടില്ലെന്നും, പുതിയ പാട്ടുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ജോയ് പറഞ്ഞതായി രവി മേനോന്‍ പറയുന്നു. പാട്ടുകളെപ്പോലെ ജീവിതവും ആഘോഷമാക്കിയ കെ.ജെ ജോയ് എന്ന അതുല്യ സംഗീതജ്ഞന് വിട…

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top