സെക്രട്ടറിയറ്റില്‍ ഇനി സ്വരരാഗ ഗംഗാ പ്രവാഹം, പാട്ട് കേട്ട് ഫയല്‍ നോക്കാന്‍ ഉത്തരവ്, അഞ്ജന ഐ.എ.എസിന്റെ ഓഫീസില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിച്ചു തുടങ്ങി

തിരുവനന്തപുരം : സെക്രട്ടറിയറ്റില്‍ ഇനി ഐഎസ് ഉദ്യഗസ്ഥര്‍ പാട്ട് കേട്ട് ഫയല്‍ നോക്കും. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കായി മ്യൂസിക്ക് സിസ്റ്റം ആദ്യം സ്ഥാപിച്ചത്. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം.അഞ്ജന ഐ.എ.എസിന്റെ ഓഫീസില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനായി 13,440 രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ മാസം 29നാണ് അഞ്ജനയുടെ ഓഫീസില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വിഷ്വല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനുള്ള ചുമതല. മ്യൂസിക്ക് സിസ്റ്റം പ്രവര്‍ത്തനം തുടങ്ങിയതോടെ പാട്ട് കേട്ട് ജോലി ചെയ്യുന്ന സെക്രട്ടേറിയേറ്റിലെ ആദ്യ ഉദ്യോഗസ്ഥയായി അഞ്ജന മാറി. ഇതിന് പിന്നാലെ കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മ്യൂസിക് സിസ്റ്റത്തിന് വേണ്ടി നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം.

മ്യൂസിക്ക് സിസ്റ്റം സ്ഥാപിച്ച വിഷ്വല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ഈ മാസം 17 ന് പണം അനുവദിച്ച് പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലില്‍ നിന്ന് ഉത്തരവിറങ്ങി. ഈ മാസം നാലിനാണ് വിഷ്വല്‍ ടെക്നോളജീസിന് പണം കൊടുക്കണമെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. 13 ദിവസം കൊണ്ട് തന്നെ പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂലൈ 14 നായിരുന്നു പൊതുഭരണ വകുപ്പില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. പാട്ട് കേട്ട് ജോലി ചെയ്താല്‍ കാര്യക്ഷമത വര്‍ദ്ധിക്കുമെന്ന ചില മാനേജ്‌മെന്റ് വിദഗ്ദ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് മ്യൂസിക്ക് സിസ്റ്റം സ്ഥാപിക്കാന്‍ തീരുമാനമായത്. ഇത് വിവാദമായതോടെ ഭരണാനുമതി ഉത്തരവ് വിവാദമായതോടെ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഉത്തരവ്.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കാരണത്തില്‍ പാവപ്പെട്ടവന് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പിടിച്ചു വയ്ക്കുന്ന സമയത്ത് തന്നെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പാട്ട് കേട്ട് ജോലി ചെയ്യാന്‍ അവസരം ഒരുക്കുന്നത്. അഞ്ജനയ്ക്ക് പിന്നാലെ സെക്രട്ടറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം സമാന ആവശ്യവുമായി മുന്നോട്ട് വരുമെന്ന് ഉറപ്പാണ്. നൂറോളം സെക്രട്ടറിമാരും, അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം ഓഫീസര്‍മാര്‍ അടങ്ങുന്നതാണ് സെക്രട്ടറിയറ്റിലെ ക്ലാസ് വണ്‍ ഉദ്യോഗസ്ഥരുടെ ഘടന. ഓരോ വകുപ്പിലും ഇരുപത്തിയഞ്ചിലധികം സെക്ഷനുകളുണ്ട്. ഓഫീസര്‍മാരെ കൂടാതെ സെക്ഷനിലുളളവരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാല്‍ അതിന് മാത്രം കോടികള്‍ ചിലവാക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top