‘ഹിന്ദു ദൈവങ്ങളുടെ പേരുപയോഗിച്ച് മുസ്ലിംങ്ങള്‍ കച്ചവടം നടത്തേണ്ട’; സന്യാസിയുടെ ഭീഷണി മൂലം വെജിറ്റേറിയന്‍ ധാബയുടെ പേര് മാറ്റി
തീവ്രഹിന്ദുത്വ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് 20 വര്‍ഷമായി നടത്തിവന്ന വെജിറ്റേറിയന്‍ ഹോട്ടലിന്റെ പേര് മാറ്റേണ്ടി വന്ന ഗതികേടിലാണ് മുഹമ്മദ് സലീം. ദില്ലി – ഡെറാഡൂണ്‍ റോഡില്‍ മുസാഫിര്‍ നഗറിനടുത്തുള്ള റാംപുരിയില്‍ വഴിയോര ഭക്ഷണശാല നടത്തുകയാണ് മുഹമ്മദ് സലീമെന്ന 60കാരന്‍. റോഡരികിലുള്ള ഭക്ഷണശാലകള്‍ ധാബ എന്നാണ് വടക്കേ ഇന്ത്യയില്‍ അറിയപ്പെടുന്നത്.
‘സംഗം ശുദ്ധ് ശാഖാഹരി ഭോജനാലയ് ‘ എന്ന വെജിറ്റേറിയന്‍ ഹോട്ടലിന്റെ പേര് മാറ്റണമെന്ന് പ്രാദേശിക ആശ്രമം നടത്തിപ്പുകാരനായ സന്യാസി സ്വാമി യശ് വീര്‍ മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടേയോ തീര്‍ത്ഥാടന കേന്ദ്രങ്ങളുടേയോ പേരില്‍ മുസ്ലിംങ്ങള്‍ കച്ചവടം നടത്തേണ്ട എന്നായിരുന്നു സ്വാമി യശ് വീര്‍ മഹാരാജിന്റെ മുന്നറിയിപ്പ്.
ഭീഷണിയെ തുടര്‍ന്ന് ധാബയ്ക്കു മുന്നില്‍ സലീം ധാബ എന്ന പുതിയ ബോര്‍ഡ് തൂക്കി. ഒപ്പം ബോര്‍ഡില്‍ പ്രൊപ്രൈറ്റര്‍ സലീം ഠാക്കൂര്‍ എന്ന് കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്. തങ്ങള്‍ പരമ്പരാഗതമായി മുസ്ലീം രാജ്പുത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് സലീം അവകാശപ്പെട്ടു. തന്റെ പിതാവ് സ്ഥാപിച്ച ധാബയാണിത്. വര്‍ഷങ്ങളായി ഈ കടയില്‍ നിന്ന് ജാതി- മത ഭേദമെന്യേ ആള്‍ക്കാര്‍ ഭക്ഷണം കഴിക്കാറുണ്ട്. സ്വാമിയുടെ ഭീഷണിയെ തുടര്‍ന്നാണ് പേര് മാറ്റിയത്. ഒരു പേരിന്റെ പേരില്‍ സമുദായ ലഹള ഉണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നില്ല. നാട്ടില്‍ അസ്വസ്ഥത ഉണ്ടാവരുതെന്ന് അതിയായ ആഗ്രഹമുണ്ടെന്നും സലീം പറഞ്ഞു.
സ്വാമി യശ് വീര്‍ പുറത്തിറക്കിയ ഭീഷണി വീഡിയോയില്‍ ഹിന്ദു നാമങ്ങള്‍ ഉള്ള മുസ്ലിംങ്ങളുടെ വ്യാപാര – കച്ചവട സ്ഥാപനങ്ങള്‍ എത്രയും പെട്ടന്ന് പേര് മാറ്റണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സനാത ധര്‍മ്മം നിലനിത്താന്‍ മുസ്ലിംങ്ങള്‍ ഇത്തരം പേരുകള്‍ മാറ്റണമെന്നാണ് സ്വാമിയുടെ ആവശ്യം.
സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ഭീഷണികളെക്കുറിച്ചുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കണ്‍വാര്‍ തീര്‍ത്ഥാടന കാലത്ത് കട ഉടമകളുടെ പേരുകള്‍ കടയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ജില്ലാ ഭരണകൂടം ഉത്തരവിട്ടത് വന്‍ വിവാദമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here