കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നു. ജനസംഖ്യയില്‍ 26% മുള്ള ജനവിഭാഗത്തിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാധ്യത ഒരു സീറ്റില്‍ മാത്രം

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലും പാര്‍ലമെന്ററി രംഗത്തും മുസ്ലീം പ്രാതിനിധ്യം കുറയുന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാകുന്നു. 26 ശതമാനത്തിലധികമുള്ള ജനവിഭാഗത്തില്‍ കേവലം ഒരാളെ മാത്രമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സര രംഗത്തിറക്കിയത്. കെ.പി.സി.സി നേതൃനിരയില്‍ പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഈ സമുദായത്തില്‍ നിന്നുള്ളത്. മുസ്ലീം പ്രാതിനിധ്യം മുഴുവന്‍ ഘടക കക്ഷിയായ മുസ്ലീം ലീഗിന് പതിച്ചു കൊടുത്ത ശേഷം വെറും കാഴ്ചക്കാരായി നില്‍ക്കയാണ് കോണ്‍ഗ്രസ് നേതൃത്വം.

തലേക്കുന്നില്‍ ബഷീറിനും, ആര്യാടന്‍ മുഹമ്മദിനും, എം.ഐ.ഷാനവാസിനും ശേഷം തലയെടുപ്പുള്ള ഒരു മുസ്ലീം നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ പോലുമില്ലാത്ത ഗതികേടിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള മലബാറില്‍ നിന്ന് ലോക്‌സഭയിലേക്ക് ഈ ജനവിഭാഗത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത അവസ്ഥയാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ നിന്നും നേതാക്കളെ വളര്‍ത്തി കൊണ്ടുവരാന്‍ കാര്യമായ ശ്രമങ്ങള്‍ പാര്‍ട്ടി നടത്തുന്നില്ല. ബിജെപി പേടിമൂലം മുസ്ലീം നേതാക്കളെ ഒഴിവാക്കുന്നു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. മുസ്ലീം വിഭാഗത്തില്‍ നിന്നും നേതാക്കളെ കൈ പിടിച്ചുയര്‍ത്താന്‍ കെ.കരുണാകരനും, എ.കെ.ആന്റണിയും കാണിച്ച ശുഷ്‌കാന്തി പിന്നീട് വന്ന നേതാക്കള്‍ കാണിച്ചില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.

നിലവില്‍ കാസര്‍കോട്, എറണാകുളം ഡി സി സി പ്രസിഡന്റ്മാരും, ഏഴ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരും, ഒരു വര്‍ക്കിംഗ് പ്രസിഡന്റും മാത്രമാണ് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളത്. ഏറെ നാളിന് ശേഷമാണ് കെ.പി.സി.സിക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് ഒരു പ്രസിഡന്റ് പോലും ഉണ്ടായത്. രണ്ട് കൊല്ലം പോലും എം എം ഹസ്സന് ആ പദവിയില്‍ ഇരിക്കാനും കഴിഞ്ഞില്ല. നിലവില്‍ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ടി.സിദ്ധിഖ് എന്നിവരാണ് കോണ്‍ഗ്രസിലെ മുസ്ലീം എംഎല്‍എമാര്‍. രാജ്യസഭാംഗമായ ജെ.ബി മേത്തറാണ് കോണ്‍ഗ്രസിന്റെ കേരളത്തില്‍ നിന്നുള്ള ഏക മുസ്ലീം എംപി.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടിയ ഒരേ ഒരു മുസ്ലീം ഷാനിമോള്‍ ഉസ്മാനാണ്. എം.ഐ.ഷാനവാസ് രണ്ട് തവണ ജയിച്ച വയനാട്ടില്‍ അദ്ദേഹത്തിന്റെ മരണശേഷം ടി. സിദ്ദിഖിനെ പരിഗണിച്ചെങ്കിലും രാഹുല്‍ ഗാന്ധി വന്നപ്പോള്‍ അദ്ദേഹത്തിന് വഴിമാറേണ്ടി വന്നു. ഒരുകാലത്ത് ഡോ വി.എ സെയ്ദ് മുഹമ്മദ്, എ സുന്ന സാഹിബ്, എ.എ.റഹിം, ആര്യാടന്‍ മുഹമ്മദ്, കെ.പി.നൂറുദീന്‍, എന്‍.പി.മൊയ്തീന്‍, ടി.എച്ച് മുസ്തഫ, പ്രൊഫ.എ.ഡി മുസ്തഫ, എം.ഐ ഷാനവാസ്, തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്ററി രംഗത്ത് ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും മുസ്ലിം നേതൃത്വമെന്ന് പറഞ്ഞാല്‍ അത് മുസ്ലിം ലീഗ് ആയി മാറിയിരിക്കുന്ന സ്ഥിതിയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലബാറില്‍ നിന്നും ഒരു മുസ്ലീം നേതാവിനെ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളില്‍ ഇത് അതൃപ്തി ഉണ്ടാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കെ സുധാകരന്‍ മത്സര രംഗത്ത് നിന്ന് മാറിനിന്നാല്‍ കണ്ണൂരില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പരിഗണിച്ചേക്കാം. എഐസിസി വക്താവ് ഷമ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂര്‍, അബ്ദുല്‍ റഷീദ് എന്നീ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്, മുസ്ലിം വനിത എന്നുള്ളതും, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും ഷമയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. കെപിസിസി നിര്‍വാഹ സമിതി അംഗമായ മുഹമ്മദ് ബ്ലാത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ് എന്ന നിലയിലും, രാജീവ് ഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാന്‍ എന്ന നിലയിലും മണ്ഡലത്തില്‍ പരിചിതനാണ്. സമസ്തയുമായുള്ള അടുപ്പവും ബ്ലാത്തൂരിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അബ്ദുല്‍ റഷീദിനെ യുവത്വത്തിന് മുന്‍തൂക്കം നല്‍കാന്‍ തീരുമാനിച്ചാല്‍ പരിഗണിക്കപ്പെടാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top