മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിക്കുന്നു; ആരോപണങ്ങള്‍ തെളിയിക്കണമെന്ന് മുസ്ലിം ലീഗ്

മലപ്പുറം ജില്ലിയില്‍ സ്വര്‍ണ്ണക്കടത്ത് ഹവാല ഇടപാടുകള്‍ കൂടുതലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്. മലപ്പുറത്തെ ആകെ അപമാനിക്കുന്ന ഈ ആരോപണത്തിന് എന്ത് തെളിവാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു. എത്ര രാജ്യദ്രോഹ കുറ്റങ്ങള്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തുവെന്നും എത്ര പേരെ ശിക്ഷിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലാതെ ഒരു ജില്ലയെ ആകെ കള്ളക്കടത്തുകാരായി ചിത്രീകരിക്കരുത്. വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തിനും സ്വര്‍ണം പൊട്ടിക്കല്‍ കേസുകളിലും പിടിയിലായത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതെല്ലാം കൃത്യമായി മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ടായി ലഭിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സലാം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരസ്യമായാണ് ഡിപ്ലോമാറ്റിക് ബാഗില്‍ നിന്ന് സ്വര്‍ണം പിടിച്ചത്. ഇതും മലപ്പുറത്തിന്റെ തലയില്‍ ഇടുകയാണ് മുഖ്യമന്ത്രി. ഇത്തരത്തില്‍ മലപ്പുറത്തെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തികേടുകള്‍ മറച്ചുവയ്ക്കാനും ഒരു പ്രദേശത്തെയാകെ അപമാനിക്കുന്ന നടപടിയില്‍നിന്ന് മുഖ്യമന്ത്രി ആവസാനിപ്പിക്കണമെന്നും സലാം ആവശ്യപ്പെട്ടു.

വെറും തറനേതാവില്‍ നിന്ന് മുഖ്യമന്ത്രി കുറച്ചെങ്കിലും ഉയരണം. ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാരിനെയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top