വഖഫ് ഭേദഗതിയിൽ ജെപിസി നടപടിക്കെതിരെ മുസ്ലിം ലീഗ്; പാർലമെൻ്റിൽ പ്രതിഷേധവുമായി എംപിമാർ
വഖഫ് നിയമ ഭേദഗതി ബില്ലിൽ സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) സ്വീകരിച്ച നടപടികൾക്കെതിരെ മുസ്ലിം ലീഗ്. കേന്ദ്ര സർക്കാർ നടപടികളെ ജെപിസി കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് ലീഗ് എംപിമാരായ ഇടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
നടപടികൾ കൈകാര്യം ചെയ്ത രീതിയും അംഗങ്ങളുടെ അഭിപ്രായം അവഗണിക്കുകയും നിർദ്ദേശങ്ങൾ തള്ളുകയും ചെയ്ത ജെപിസി അധ്യക്ഷന്റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ലീഗ് എംപിമാർ പറഞ്ഞു. ജെപിസി സ്വീകരിച്ച നടപടിക്രമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. എന്നാൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു.
പ്രതിപക്ഷ നിര്‍ദേശങ്ങൾ അവഗണിച്ചു കൊണ്ടാണ് വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നല്‍കിയതെന്ന വിമർശനം പ്രതിപക്ഷം നേരത്തേ ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലില്‍ 14 ഭേദഗതികൾക്കാണ് കമ്മറ്റി അംഗീകാരം നല്‍കിയത്. പ്രതിപക്ഷ എംപിമാര്‍ ബില്ലില്‍ 44 വ്യവസ്ഥകളിൽ ഭേദഗതികള്‍ നിർദേശിച്ചിരുന്നു. എന്നാൽ ഇതിന് വോട്ടിനിട്ട് തള്ളുകയായിരുന്നുവെന്നും ബിജെപി അംഗങ്ങളുടെ നിർദ്ദേശങ്ങൾ മാത്രമാണ് ജെപിസി അംഗീകരിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല, വഖഫ് ബോർഡിൽ അമുസ്ലിങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്തുക എന്നിവയടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here