മൂന്നിലുറച്ച് മുസ്ലീം ലീഗ്; ആർക്കും തർക്കമില്ലെന്ന് പി.എം.എ സലാം

കാസർകോട്: വരാൻ പോകുന്ന തിരഞ്ഞടുപ്പിൽ യുഡിഎഫ് മുന്നണിയിൽ മൂന്നാമതൊരു ലോക്സഭാ സീറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്ന്‌ ജനറൽ സെക്രട്ടറി പി.എം.എ സലാം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനമായതിനാൽ സീറ്റിന്റെ കാര്യം ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ല.ഇക്കാര്യം സംബന്ധിച്ച് നേതാക്കൾ തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്. ലീഗ് കമ്മിറ്റിയിൽ ചർച്ചയ്‌ക്ക് വന്നിട്ടില്ല. കമ്മിറ്റിയിൽ ചർച്ച ചെയ്‌ത് തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും കാസർകോട് മാധ്യമങ്ങളോട്‌ സലാം വ്യക്തമാക്കി.

ജെഡിഎസിന്‍റെ എന്‍ഡിഎ പ്രവേശനം പിണറായി വിജയൻ്റെ സമ്മതത്തോടെയാണെന്ന ദേവഗൗഡ നടത്തിയ പരാമർശത്തെപ്പറ്റിയും അദ്ദേഹം പ്രതികരിച്ചു. സിപിഎം – ബിജെപി ബന്ധത്തിന്‍റെ അവസാന തെളിവാണ് ജെഡിയു ദേശീയത അധ്യക്ഷൻ്റെ പ്രസ്താവന. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിൽ നിരവധി ലിങ്കുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. പിണറായിയുടെ കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്. അത്തരത്തിലൊരു ലിങ്കാണ് ജെഡിഎസ് എന്നും സലാം പറഞ്ഞു.

ജെഡിഎസ് കർണാടക സംസ്ഥാന പ്രസിഡന്‍റ് സി.എം. ഇബ്രാഹിം ബിജെപി ബന്ധത്തെ എതിർത്തപ്പോൾ അവിടത്തെ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട് മകൻ കുമാരസ്വാമിയെ പ്രസിഡന്‍റായി അവരോധിക്കുകയായിരുന്നു. എന്നാൽ കേരളത്തിലെ ജെഡിഎസ് നേതൃത്വം ബിജെപി ബന്ധത്തെ എതിർക്കുമ്പോൾ അവരെ പിരിച്ചുവിടാൻ പോലും ദേശീയ നേതൃത്വം തയ്യാറാകാതിരുന്നത് ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്നും സലാം കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫും മുസ്ലിം ലീഗും സജ്ജരായി കഴിഞ്ഞു. കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് നേടുമെന്നും പി.എം.എ.സലാം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top