‘കോണ്‍ഗ്രസിനെ മാറ്റിനിർത്തി സെമിനാറിലേക്കില്ല’; നിലപാടിലുറച്ച് മുസ്ലിംലീഗ്
മലപ്പുറം: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിലേക്കുള്ള ക്ഷണം തള്ളി മുസ്ലിംലീഗ്. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍, കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പാണക്കാട് ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”യുഡിഎഫിലെ പ്രധാന കക്ഷിയാണ് മുസ്ലിംലീഗ്. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. അതുകൊണ്ടുതന്നെ സിപിഐഎം സെമിനാറിൽ പങ്കെടുക്കില്ല. അങ്ങനെ പങ്കെടുത്താൽ ദോഷമായിരിക്കും ഉണ്ടാകുന്നത്. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല.’’
സിവിൽ കോഡ് വിഷയം മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണിത്. ഈ വിഷയത്തില്‍ ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും പങ്കെടുക്കാനും സ്വാതന്ത്യമുണ്ട്. സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച സമസ്തക്കും അതേ സ്വാതന്ത്യമുണ്ടെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, ഏക സിവൽ കോഡ് വിഷയത്തിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാർ പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഇവിടുത്തെ സെമിനാറുകള്‍ ഭിന്നിപ്പിക്കാനുള്ളവയായി മാറരുത്. ആ ഭിന്നത ബിജെപിയെയായിരിക്കും സഹായിക്കുന്നത്. ഇതൊരു ദേശീയ വിഷയമാണ്. പാർലമെന്റിൽ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോൺഗ്രസുമായി ചേർന്നാണ് ബില്ലിനെ എതിർത്ത് തോൽപ്പിക്കേണ്ടത്. ബില്‍ പരാജയപ്പെടാൻ കോൺഗ്രസ് ഇടപെടലുകൾക്ക് മാത്രമേ കഴിയൂ’, എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ജൂലൈ 15-നാണ് സിപിഐഎം ദേശീയ സെമിനാർ ആരംഭിക്കുന്നത്. കോഴിക്കോട്ടാണ് ആദ്യ സെമിനാർ. സെമിനാറില്‍ സിപിഐഎമ്മുമായി സഹകരിക്കാനുള്ള സമസ്തയുടെ തീരുമാനം കഴിഞ്ഞദിവസം സമസ്ത സംസ്ഥാന പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here