ലീഗ് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി; എറണാകുളം മുസ്‌ലിംലീഗില്‍ പൊട്ടിത്തെറി
കൊച്ചി: മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട്ടിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിയതാണ് ഒരു വിഭാഗത്തെ പ്രകോപിച്ചത്. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇബ്രാഹിംകുഞ്ഞ് വിഭാഗമാണ് പരാതിയുമായി മുന്നോട്ട് വന്നത്. നടപടി വന്നതോടെ ജില്ലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, എസ്ടിയു നേതാക്കള്‍ യോഗം ചേര്‍ന്ന് മാര്‍ച്ച് മൂന്നിന് ആലുവയില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിക്കാന്‍ തീരുമാനിച്ചു. മൂന്ന് വൈസ് പ്രസിഡന്റുമാരുടെയും നാല് സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ജില്ലയിലെ നേതാക്കളുടെ യോഗം ചേര്‍ന്നത്.
ജില്ലയിലെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ജില്ലാ പ്രസിഡന്റിന്റെ സസ്പെന്‍ഷനിലേക്ക് എത്തിയത്. ഇബ്രാഹിംകുഞ്ഞ് വിരുദ്ധ വിഭാഗം പ്രസിഡന്റ് സ്ഥാനവും ജനറല്‍ സെക്രട്ടറി സ്ഥാനവും വേണമെന്ന അവകാശവാദമാണ് ആദ്യംമുതല്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇബ്രാഹികുഞ്ഞിന്റെ മകന്‍ വി.ഇ.അബ്ദുള്‍ ഖഫൂറിനെ ജനറല്‍ സെക്രട്ടറിയായി നേതൃത്വം പ്രഖ്യാപിച്ചതുമുതലാണ് ജില്ലയിലെ മുസ്ലിം ലീഗില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത്. ഭാരവാഹി തിരഞ്ഞെടുപ്പിനെതിരേ മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസില്‍ രണ്ടുദിവസത്തിനകം വിധി വരാനിരിക്കെയാണ് ജില്ലാ പ്രസിഡന്റിനെത്തന്നെ നീക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here