മുനമ്പത്തെ മുസ്ലിം ലീഗ് മാതൃക; വര്‍ഗീയ ചേരിതിരിവിലേക്ക് പോകാതിരിക്കാന്‍ പ്രത്യേക കരുതല്‍
മുനമ്പം ഭൂമിപ്രശ്‌നത്തില്‍ മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത. വേഗത്തില്‍ വര്‍ഗീയ ചേരിതിരിവിലേക്ക് മാറാവുന്ന വിഷയത്തില്‍ അനുനയന പാതയിലാണ് ലീഗ് തുടക്കം മുതല്‍ തന്നെ നീങ്ങുന്നത്. വഖഫ് ഭൂമി പ്രശ്‌നത്തില്‍ കുരുങ്ങിയവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. അതുകൊണ്ട് തന്നെ പ്രതിഷേധ സമരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സഭാ നേതാക്കളാണ്. ലൗ ജിഹാദ് മുതലുള്ള വിവാദങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ മുസ്ലിം വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ തീവ്രശ്രമം നടക്കുന്നതിനിടയിലാണ് ഈ വിവാദം കൂടി വന്നത്.
ഈ ഘടകം മനസിലാക്കി തന്നെയാണ് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഈ വിഷയം ആളിക്കത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ അപകടം ആദ്യം തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നിടത്താണ് മുസ്ലിം ലീഗിന്റെ വിജയം. മുനമ്പം വഖഫ് ഭൂമിയാണെന്ന അഭിപ്രായം ഇല്ലെന്ന് തുടക്കത്തില്‍ തന്നെമുസ്ലിം ലീഗ് പ്രഖ്യാപിച്ചു. കൂടാതെ തീവ്രനിലപാടുകളിലേക്ക് പോകാന്‍ സാധ്യതയുളള മുസ്ലിം സംഘടനകളെ നിയന്ത്രിക്കാനും ലീഗ് നേതൃത്വം പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്തു.
വിവിധ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ഈ വിഷയത്തിലെ അപകടം മനസിലാക്കിച്ചു എന്നിടത്താണ് ലീഗ് വലിയ വിജയം നേടിയത്. ഇതോടെ മുനമ്പം ഭൂസമരത്തിന് എതിരായ പരാമര്‍ശങ്ങള്‍ മുസ്ലിം നേതാക്കളുടെ ഇടയില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ മുനമ്പം വിഷയത്തില്‍ ഇതുവരെ മുസ്ലിങ്ങളെ മുഴുവന്‍ എതിര്‍ ചേരിയിലാക്കി ഒരു പരസ്യ പ്രതികരണവും ഉണ്ടായില്ല. പകരം സര്‍ക്കാരിനേയും വഖഫ് ബോര്‍ഡിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള നീക്കങ്ങളും പ്രതികരണങ്ങളുമാണ് നടക്കുന്നത്.
മുനമ്പം ഉള്‍പ്പെടുന്ന വരാപ്പുഴ ലത്തീന്‍ അതിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയതാണ് ലീഗിന്റെ ഭാഗത്തു നിന്നും അവസാനമായി ഉണ്ടായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ മുസ്ലിം ലീഗ് അത്തരം ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് പ്രഖ്യാപനമാണ് നടത്തിയത്. ലത്തീന്‍ സഭ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here