ആര്യാടനെ പോലൊരു മുസ്ലിം നേതാവ് ഇനി മലബാറില്‍ നിന്ന് വേണ്ട; അന്‍വറിനെ മുന്നില്‍ നിര്‍ത്തി ലീഗിന്റെ കളി; നിസഹായരായി കോണ്‍ഗ്രസ്

ആര്യാടന്‍ മുഹമ്മദിന്റത്ര തലയെടുപ്പുള്ള ഒരു നേതാവും അദ്ദേഹത്തിന് ശേഷം മലബാറില്‍ നിന്ന് ഉണ്ടായിട്ടില്ല. അങ്ങനെ ആരും ഉയര്‍ന്നു വരാതിരിക്കാന്‍ മുസ്ലിം ലീഗ് പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കാരണം ആര്യാടന്‍ അത്രത്തോളം വലിയ വെല്ലുവിളിയാണ് ലീഗിന് ഉയര്‍ത്തിയത്. ലീഗിന്റെ സ്വന്തം തട്ടകത്തില്‍ സ്വതന്ത്ര നിലപാടുമായി നിന്ന് അവസരം വന്നപ്പോഴെല്ലാം ലീഗിനെ വെല്ലുവിളിക്കുകയും, രാഷ്ട്രീയത്തില്‍ ഇറങ്ങി കളിക്കുന്ന പാണക്കാട് തങ്ങള്‍ ആത്മീയ നേതാവല്ല എന്ന് പോലും വിളിച്ച് പറയുന്ന ആര്യാടനെ അതേ നാണയത്തില്‍ നേരിടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ആര്യാടന്‍ മുഹമ്മദിന് ശേഷം 2016ല്‍ മകന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ പരാജയത്തില്‍ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2021ല്‍ സീറ്റ് നല്‍കാതെ ഷൗക്കത്തിനെ വെട്ടിയതിന് പിന്നിലും ലീഗിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ വരവ് ലീഗിന് വീണ്ടും വെല്ലുവിളിയാകും എന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് പിവി അന്‍വര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് പുറത്തു വന്നപ്പോള്‍ മുതല്‍ മുസ്ലിം ലീഗ് വലിയ പിന്തുണ നല്‍കിയത്.
നിലമ്പൂരില്‍ അന്‍വറിനെ വീണ്ടും ഇറക്കാനും ലീഗ് ഒരു ശ്രമം നടത്തിയരുന്നു. ഏറനാട് എംഎല്‍എ പികെ ബഷീര്‍ അന്‍വറുമായി ഈ വിഷയത്തില്‍ ആശയവിനിമയംനടത്തുകയും ചെയ്തു. എന്നാല്‍ സ്വന്തം അക്കൗണ്ടിലുള്ള ഒരു സീറ്റ് കോണ്‍ഗ്രസ് കൈവിടില്ലെന്ന് ഉറപ്പിച്ചതോടെയാണ് ഇതില്‍ നിന്നും പിന്‍മാറിയത്. ആര്യാടന്റെ മരണ ശേഷം നിലമ്പൂരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്, പ്രായം എന്നിവയെല്ലാം ആര്യാടന്‍ ഷൗക്കത്തിന് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ ഇതൊന്നും അംഗീകരിക്കില്ലെന്ന് അന്‍വര്‍ ഉറപ്പിച്ച് പറയുന്നത് ലീഗിന്റെ പിന്തുണ കൊണ്ടു തന്നെയാണ്.
സീറ്റ് നിഷേധിച്ചാല്‍ ഷൗക്കത്തിനെ സിപിഎം സമീപിക്കും എന്ന് ലീഗിന് നന്നായി അറിയാം. അങ്ങനെ സംഭവിച്ചാല്‍ അതിലും നേട്ടം ലീഗിനാണ്. ജയിച്ചാലും പരാജയപ്പെട്ടാലും ആര്യാടന്‍ ഷൗക്കത്ത് എന്ന ഭീഷണി യുഡിഎഫില്‍ നിന്ന് എന്നന്നേക്കുമായി ഒഴിവാകും. ഷൗക്കത്ത് ഇടത് സ്വതന്ത്രനായി വിജയിച്ചാല്‍ പോലും രാഷ്ട്രീയ നഷ്ടം മുഴുവന്‍ കോണ്‍ഗ്രസിനുമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here