ഏഴുമാസമായിട്ടും മുണ്ടക്കൈ പുനരധിവാസം കടലാസിൽ ഉറങ്ങുന്നു… സർക്കാരിനെ ഒഴിവാക്കി ലീഗ് ഒറ്റയ്ക്ക് വീടുപണിക്ക് ഇറങ്ങിയത് സഹികെട്ടിട്ട്

ഏഴ് മാസം കഴിഞ്ഞിട്ടും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതോടെയാണ് മുസ്ലീം ലീഗ് ഒറ്റയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ലീഗിന്റെ ഈ നീക്കം ഭരണകൂടത്തിന് വലിയ തിരിച്ചടിയായി. റമസാന്‍ നോമ്പ് കഴിഞ്ഞാലുടന്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങുമെന്ന ലീഗിന്റെ പ്രഖ്യാപനത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു ലീഗിന്റെ വാഗ്ദാനം. വീട് നിര്‍മ്മാണത്തിനായി ലീഗ് സ്ഥലം കണ്ടെത്തുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണ്.

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഭുമി ഏറ്റെടുക്കലിന്റെ ചില പ്രാഥമിക നടപടികള്‍ തുടങ്ങി എന്നത് ഒഴിച്ചാല്‍ കാര്യങ്ങളെല്ലാം കടലാസില്‍ ഉറങ്ങുന്നു. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ പോലും ഇതുവരെ വ്യക്തത ഉണ്ടായില്ല. അവസാനമില്ലാത്ത കുറെ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. പ്രായോഗിക തലത്തില്‍ ഒന്നും നടക്കുന്നില്ല എന്ന ഘട്ടമെത്തിയപ്പോഴാണ് മുസ്ലീം ലീഗ് ഒറ്റയ്ക്ക് പുനരുദ്ധാരണ പ്രവത്തനങ്ങള്‍ക്ക് ഇറങ്ങിയത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്.

പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം കിട്ടിയില്ലെന്ന് പറഞ്ഞ് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും രാഷ്ട്രീയ വെല്ലുവിളികളും മുറപോലെ നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 10 വരെ മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 700 കോടി രൂപ ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 2221 കോടിരൂപയുടെ സഹായധനത്തിന്റെ എസ്റ്റിമേറ്റാണ് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. മുസ്ലിം ലീഗ് തീരുമാനം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് തെളിയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് രാത്രിയില്‍ നടന്ന ദുരന്തത്തില്‍ 298 പേര്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. 128 പേരെ കാണാതായതില്‍ നിന്ന് 84 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. മുണ്ടക്കൈ-ചൂരല്‍മല ഭാഗത്തുനിന്നു 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണു കണ്ടെത്തിയത്. നിലമ്പൂര്‍ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളും കിട്ടി.

ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ് 153 കോടി രൂപ അടിയന്തര സഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എസ്ഡിആര്‍എഫ് )തുക ലഭ്യമായതിനാല്‍ അധികസഹായം നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top