സിപിഎം പാലസ്തീൻ റാലി: ലീഗ് പങ്കെടുക്കില്ല, ആശയക്കുഴപ്പം ഉണ്ടാകുമെന്ന് വിലയിരുത്തൽ

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. റാലിയിൽ പങ്കെടുക്കുന്നത് യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ ഇന്ന് ഉച്ചക്ക് യോഗം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും, അത് വേണ്ടന്ന് വച്ച് നേതാക്കൾ കൂടിയാലോചന നടത്തി ഒദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കാനാണ് നീക്കം.

സിപിഎം റാലിയിൽ ലീഗ് പങ്കെടുക്കുന്നത് മുന്നണിയിൽ വിള്ളൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ റാലിയിൽ പങ്കെടുക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ നിലപാട് അറിയിച്ചതോടെയാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

നവംബർ 11 നാണ് സിപിഎം പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. കോഴിക്കോട് നടക്കുന്ന റാലിയിൽ ലീഗിനെ ക്ഷണിക്കുമെന്ന് സിപിഎം അറിയിച്ചിരുന്നു. പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന ലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ അഭിപ്രായം വ്യക്തിപരമായിരുന്നെന്നും പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കി.

പാലസ്തീൻ വിഷയത്തിൽ യോജിക്കാൻ കഴിയുന്ന എല്ലാ സംഘടനകളെയും ഉൾപ്പെടുത്താനാണ് സിപിഎം തീരുമാനം. കോൺഗ്രസിനെ പങ്കെടുപ്പിക്കണ്ടെന്നും ധാരണയുണ്ട്. മുസ്ലിം ലീഗ് നിലപാട് ശരിയാണെന്ന വിലയിരുത്തൽ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top