മുസ്ലീംലീഗ് നേതാവ് എംസി കമറുദ്ദീൻ വീണ്ടും ജയിലിൽ; അറസ്റ്റ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ

സ്വർണാഭരണശാലയുടെ മറവിൽ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മുൻപ് അറസ്റ്റിലായി മൂന്നുമാസത്തിലേറെ ജയിലിൽ കിടന്ന മുൻ എംഎൽഎ കമറുദ്ദീനെതിരെ വീണ്ടും തട്ടുപ്പുകേസ്. കാസർഗോഡ് ചിത്താരി സ്വദേശികളായ രണ്ടുപേരുടെ പരാതിയിൽ ആണ് പുതിയ കേസെടുത്തത്. ഇവരിൽ നിന്ന് 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വീതം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഫാഷൻ ഗോൾഡ് തട്ടിപ്പുകേസുകൾ അന്വേഷിക്കുന്നത്. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 263 പേരാണ് നേരത്തെ പരാതി നൽകിയിരുന്നത്. ഇതിൽ 168 കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് കമറുദ്ദീൻ നേരത്തെ അറസ്റ്റിലായത്. ഇവയിൽ ബഹുഭൂരിപക്ഷം കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസിൻ്റെ ഭാഗമായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് അടക്കം നടപടികളും ഉണ്ടായിരുന്നു. 2020 നവമ്പറിൽ ആദ്യം അറസ്റ്റിലായ എംസി കമറുദ്ദീന് 93 ദിവസത്തിന് ശേഷമാണ് ജാമ്യം കിട്ടിയത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ കമറുദ്ദീൻ മഞ്ചേശ്വരം എംഎൽഎയായിരുന്നു. ഫാഷൻ ഗോൾഡ് തട്ടിപ്പ് വൻ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here