വഖഫ് വിഷയത്തില്‍ തലപൊക്കി മുസ്‌ലിം ലീഗിലെ തീവ്രനിലപാടുകാര്‍; സംഘപരിവാര്‍ അജണ്ടയ്ക്ക് വളമാകുന്ന പ്രസ്താവനകളുമായി സജീവം

മുനമ്പം വഖഫ് വിഷയം ഉണ്ടായപ്പോള്‍ മുതല്‍ മുസ്‌ലിം ലീഗിന്റെ നിലപാടിന് വലിയ സ്വീകാര്യത്യാണ് ലഭിച്ചിരുന്നത്. വേഗത്തില്‍ വര്‍ഗീയ ചേരിതിരിവിലേക്ക് മാറാവുന്ന വിഷയത്തില്‍ അനുനയന പാതയിലായിരുന്ന ലീഗിന്റെ സഞ്ചാരം. മുനമ്പത്ത് ഭൂമി പ്രശ്നത്തില്‍ കുരുങ്ങിയവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. ലൗ ജിഹാദ് മുതലുള്ള വിവാദങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ മുസ്‌ലിം വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ തീവ്രശ്രമം നടക്കുന്നതിനിടയിലാണ് ഈ വിവാദം കൂടി വന്നത്. അതുകൊണ്ട് തന്നെ കരുതലോടെ ലീഗ് മുന്നോട്ടു പോയി.

മുനമ്പം വഖഫ് ഭൂമിയാണെന്ന അഭിപ്രായം ഇല്ലെന്ന് തുടക്കത്തില്‍ തന്നെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു. വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് ഈ വിഷയത്തിലെ അപകടം മനസിലാക്കിച്ചു. മുനമ്പം ഉള്‍പ്പെടുന്ന വരാപ്പുഴ ലത്തീന്‍ അതിരൂപത ആസ്ഥാനത്ത് നേരിട്ടെത്തി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങള്‍ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനും ആശ്വാസം നല്‍കുന്ന നീക്കങ്ങളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതല്ല ലീഗിലെ സ്ഥിതി. ഒരു വിഭാഗം നേതാക്കള്‍ വിഷയത്തില്‍ പാടെ തിരിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ചും തീവ്രനിലപാടുകളുളള വിഭാഗം. മുമ്പം വഖഫ് ഭൂമി തന്നെയാണെന്ന് പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗിനേയും കോണ്‍ഗ്രസിനേയും ഒരുപോലെ ഞെട്ടിച്ചിരിക്കുയാണ് ചില നേതാക്കള്‍. എല്ലാകാലത്തും ലീഗ് നേതൃത്വത്തിനും പ്രത്യേകിച്ച് പികെ കുഞ്ഞാലികുട്ടിക്കും എതിരെ കഴിയുന്നിടത്തെല്ലാം പ്രസംഗിക്കുന്ന കെഎം ഷാജിയായിരുന്നു ഈ വഷിയത്തില്‍ ഒരു വിമത ശബ്ദംആദ്യം ഉയര്‍ത്തിയത്. ആര് എന്ത് പറഞ്ഞാലും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ് എന്നായിരുന്നു ഷാജിയുടെ പ്രഖ്യാപനം.

ആരും പാര്‍ട്ടി ചമയേണ്ടെന്നും മുസ്‌ലിം ലീഗിന്റെ നിലപാട് പാണക്കാട് സാദിഖ് അലി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി കൂടി കെഎം ഷാജിയുടെ അതേ നിലപാടുമായി രംഗത്തെത്തിയതോടെ ലീഗ് മാത്രമല്ല കോണ്‍ഗ്രസും ഞെട്ടിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കൂടി തള്ളിപ്പറഞ്ഞാണ് ഇടിയുടെ നിലപാട് വ്യക്തമാക്കല്‍. ഇതോടെ മുന്നണി ആകെ പ്രിസന്ധിയിലാക്കുകയാണ്.

ലീഗ് നേതാക്കളുടെ ഈ പരാമര്‍ശങ്ങളോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം എല്ലാ അമര്‍ഷവും വ്യക്തമാക്കുന്നതാണ്. നിയമപരമായ എല്ലാ വിഷയങ്ങളും പരിശോധിച്ച ശേഷമാണ് യുഡിഎഫ് അഭിപ്രായം പറഞ്ഞത്. വഖഫ് ബില്‍ പാസാക്കിയാല്‍ സംഭലില്‍ വരെ പ്രശ്നമുണ്ടാകുമെന്ന് എല്ലാവരും മനസിലാക്കണം. പുതിയ വഖഫ് ബില്‍ പാസായാലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടൂവെന്ന സംഘ്പരിവാര്‍ അജണ്ടയിലേക്ക് എല്ലാവരെയും എത്തിക്കാനുളള കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം. പലവരും വിഷയം പഠിക്കാതെയാണ് പ്രതികരിക്കുന്നത് എന്നുമായിരുന്നു സതീശന്റെ പ്രതികരണം.

തീവ്ര വര്‍ഗീയ നിലപാടുമായി മുന്നോട്ടു പോകുന്ന മുസ്‌ലിം സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നതിന് സമാനമായ പ്രതികരണമാണ് ചില ലീഗ് നേതാക്കളില്‍ നിന്നും ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. പരസ്യമായുള്ള ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ലീഗ് നേതൃത്വം ഇപ്പോഴുളളത്. ഇന്ന് പാണക്കാട് സാദിഖ് അലി തങ്ങള്‍ തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇടിയേയും കെഎം ഷാജിയേയും തള്ളിപ്പറഞ്ഞു. കൂടാതെ പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ വിലക്കുകയും ചെയ്തിട്ടുണ്ട്. പൊതുസമൂഹത്തില്‍ ലഭിച്ച സ്വീകാര്യത മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്ന പരാമര്‍ശങ്ങളുടെ ആവശ്യം എന്തായിരുന്നു എന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിന് ലീഗ് മറുപടി പറയേണ്ട സഹാചര്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top