സഭകളിൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നു; കോൺഗ്രസ് സീറ്റ് നൽകിയത് 19 പേർക്ക് മാത്രം; ജയിച്ച് പ്രതിപക്ഷത്ത് ഇരിക്കാൻ 26പേർ; ഒരാൾ പോലുമില്ലാതെ ബിജെപി

മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നെന്നും രാജ്യഭരണം പിടിക്കുമെന്നുമെല്ലാമുള്ള വിദ്വേഷപ്രചാരണങ്ങൾ കളംനിറഞ്ഞ തിരഞ്ഞെടുപ്പ് പോരിനൊടുവിൽ തെളിയുന്ന ചിത്രം മറ്റൊന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലീം സമുദായത്തിൽ നിന്ന് 78 പേർ മത്സരിച്ചെങ്കിലും 24 പേർ മാത്രമാണ് 543 അംഗ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011ലെ സെൻസസ് പ്രകാരം ഏതാണ്ട് 17 കോടിയിലധികമാണ് പ്രധാന ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ എണ്ണം. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14.2% മുള്ള ജനവിഭാഗത്തിന്‍റെ പാർലമെന്റിലെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വളരെ കുറവാണ്.

ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് ഇത്തവണയും മുസ്ലീം വിഭാഗത്തിൽ നിന്നാരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 441 സീറ്റുകളിൽ മത്സരിച്ച ബിജെപി ഒരേ ഒരു മുസ്ലീമിനാണ് ഇപ്രാവശ്യം സീറ്റ് നൽകിയത്. മലപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. അബ്ദുൾ സലാമായിരുന്നു താമര ചിഹ്നത്തിൽ മത്സരിച്ച ഏക മുസ്ലീം. ഡോ.സലാമിന് കേവലം 7.87% വോട്ടു വിഹിതവും 85,361 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറിന്‍റെ ഭൂരിപക്ഷം 300118 ആയിരുന്നു എന്നോർക്കുക.

2019ൽ 26 മുസ്ലീം എംപിമാരാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കോൺഗ്രസിന്‍റെയും തൃണമൂൽ കോൺഗ്രസിൻ്റേയും (ടിഎംസി) നാല് പേർ വീതവും ബിഎസ്പി യിൽ നിന്നും എസ്പിയിൽ നിന്നും മൂന്ന് പേർ വീതവും എൻസിപിയുടെയും സിപിഎമ്മിന്‍റെയും ഓരോരുത്തരുമാണ് പ്രധാന കക്ഷികളെ പ്രതിനിധീകരിച്ച് സഭയിലുണ്ടായിരുന്നത്. അന്നും ഭരണകക്ഷിയായ ബിജെപിക്ക് മുസ്ലീം എംപിമാർ ഉണ്ടായിരുന്നില്ല. ഇത്തവണ താരിഖ് അൻവർ, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി, അസദുദ്ദീൻ ഒവൈസി, ക്രിക്കറ്റർ യൂസഫ് പത്താൻ, ഇഖ്റ ചൗധരി, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖരാണ്‌ സഭയിലെത്തുന്നത്.

വർഷങ്ങളായി മുസ്ലീം പ്രാതിനിധ്യം പാർലമെന്റിലും നിയമസഭകളിലും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1980ലെ ലോക്സഭയിൽ 49 മുസ്ലീം എംപി മാരുണ്ടായിരുന്നു. പിന്നീട് ഈ പ്രാതിനിധ്യം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. രാജ്യത്തെ 15ലധികം മണ്ഡലങ്ങൾ മുസ്ലീം ഭൂരിപക്ഷമുള്ളതാണ്. 2014ൽ ബിജെപി അധികാരത്തിൽ വന്നതോടെ പ്രതിപക്ഷ പാർട്ടികൾ പോലും മുസ്ലീം ജനവിഭാഗത്തിന് വേണ്ട പങ്കാളിത്തം നൽകുന്നതിൽ വിമുഖത കാണിച്ചു തുടങ്ങി. ബിജെപിയുടെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ പ്രതിപക്ഷ പാർട്ടികളേയും സ്വാധീനിച്ചുവെന്നാണ് ഈ ട്രെൻഡ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി അടക്കം കോൺഗ്രസിന് 15 എംപിമാരുണ്ടായിരുന്നു. അവരിൽ ഒരാൾ പോലും മുസ്ലീം സമുദായത്തിൽ നിന്നുണ്ടായിരുന്നില്ല. ഇപ്രാവശ്യം കോൺഗ്രസ് കേവലം 19 മുസ്ലീം സ്ഥാനാർത്ഥികളെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചത്. 2019ൽ 34 പേർക്ക് സീറ്റ് നൽകിയിരുന്നു. ഒരുകാലത്ത് കോൺഗ്രസിൻ്റെയും സോഷ്യലിസ്റ്റ് പാർട്ടികളുടെയും പ്രധാന വോട്ട് ബാങ്കായിരുന്നു മുസ്ലീങ്ങൾ. അയോധ്യാ രാഷ്ട്രീയം സജീവമായതോടെ മുസ്ലീങ്ങൾ കോൺഗ്രസിൽ നിന്ന് അകലുകയും മുലായം സിംഗ്, മായാവതി, ലല്ലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളുടെ വിശ്വസ്ത വോട്ട് ബാങ്കായി മാറിയിരുന്നു. 2014 മുതൽ മായാവതിയുടെ ബിഎസ്പി യെ മുസ്ലീങ്ങൾ പൂർണമായി കൈവിട്ടു.

ഒരിക്കൽ അകന്നുപോയ മുസ്ലീങ്ങൾ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചു വരുന്നതിൻ്റെ സൂചനകളാണ് ഇത്തവണ യുപിയിലെ വിജയങ്ങൾ തെളിയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുസ്ലീങ്ങൾ വലിയ പ്രതീക്ഷയും പ്രത്യാശയുമാണ് അർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ മുസ്ലീം വിദ്വേഷ പരാമർശങ്ങൾക്കെതിരെ അതിശക്തമായ ഭാഷയിലാണ് രാഹുൽ മറുപടി പറഞ്ഞത്.

ലോക്സഭയിൽ മുസ്ലീം പ്രാതിനിധ്യം കുറഞ്ഞുവെങ്കിലും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ജയിച്ചത് കോൺഗ്രസിൻ്റെ റാകിബുൾ ഹുസൈനാണ്. അസമിലെ ധുബ്രി മണ്ഡലത്തിൽ 10,12,476 (10.12 ലക്ഷം) വോട്ടുകൾക്കാണ് റാകി ബുൾ ജയിച്ചത്. മൂന്ന് വട്ടം എംപിയായിരുന്ന എഐയുഡിഎഫിൻ്റെ ബദറുദ്ദിൻ അജ്മലിനെയാണ് റാകിബുൾ പരാജയപ്പെടുത്തിയത്. അജ്മലിന് 4,59,409 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here