നിസ്കാരത്തിനിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ആക്രമണം; ജയ്ശ്രീറാം വിളികളുമായി ഇരച്ചെത്തി, കല്ലെറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ്: നോമ്പുകാല നിസ്കാരത്തിനിടെ ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ആഫ്രിക്ക, ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന വിദ്യാര്‍ത്ഥികളാണ് തീവ്ര ഹിന്ദുത്വ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
നോമ്പുകാലവുമായി ബന്ധപ്പെട്ട തറാവീഹ് നിസ്കാരത്തിനാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഒത്തുകൂടിയത്. സര്‍വകാലാശാലയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ച സ്ഥലത്താണ് ഇവര്‍ നിസ്കരിച്ചത്. ഈ സമയത്ത് ഒരു കൂട്ടം ആളുകള്‍ ക്രിക്കറ്റ് ബാറ്റും, കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജയ്ശ്രീറാം വിളികളുമായി ഇരച്ചെത്തിയ സംഘം, ആരാണ് ഹോസ്റ്റലിൽ നിസ്‌കരിക്കാൻ അനുവാദം നല്‍കിയതെന്ന് ചോദിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന് പുറമേ വാഹനങ്ങളും ഫോണുകളും തകര്‍ത്തതായും പറയുന്നു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ അക്രമകാരികള്‍ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ക്യാമ്പസിന്‍റെ പരിസരത്ത് പള്ളികള്‍ ഇല്ലാത്തതിനാലാണ് കൃത്യസമയത്ത് നിസ്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്കാലിക സൗകര്യമൊരുക്കിയത്. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here