തലാഖിൽ സ്ത്രീകൾക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടൽ; വിവാഹമോചന ശേഷമുള്ള കോടതി നടപടികൾ ഒഴിവാക്കി ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ

കൊച്ചി: വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് വലിയ ആശ്വാസം പകരുന്ന വിധിയുമായി കേരള ഹൈക്കോടതി. തലാഖ് രേഖപ്പെടുത്താൻ ഇനി ഒരു കോടതിയെയും സമീപിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. വിവാഹമോചനം നേടിയെന്ന് വ്യക്തമാക്കുന്ന കോടതി ഉത്തരവില്ലാതെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തലാഖ് രേഖപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു. ലിംഗനീതിയുമായി ബന്ധപ്പെട്ട സുപ്രധാന വിധിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

2008ലെ നിയമപ്രകാരം, വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് കോടതിയെ സമീപിച്ച് വിവാഹ രജിസ്റ്ററിലെ എൻട്രി നീക്കം ചെയ്യുന്നതുവരെ പുനർവിവാഹം ചെയ്യാൻ കഴിയില്ല. എന്നാല്‍ പുരുഷന് ഇത്തരം തടസമൊന്നുമില്ല. ഈ നിയമത്തില്‍ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ച കോടതി, നിയമസഭ ഇക്കാര്യം പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു. വിവാഹ രജിസ്റ്ററില്‍ തന്റെ വിവാഹമോചനം രേഖപ്പെടുത്താൻ പ്രാദേശിക വിവാഹ രജിസ്ട്രാര്‍ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്‌ലിം യുവതിയുടെ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടലുണ്ടായത്.

സാമൂഹികമോ സാമ്പത്തികമോ ആയ പരിമിതികൾ കാരണം കോടതികളെ സമീപിക്കാൻ കഴിയാത്ത ഒട്ടേറെ മുസ്ലിം സ്ത്രീകൾക്ക് ഇതോടെ നീതി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വലിയ സന്തോഷം നൽകുന്ന വിധിയാണിതെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രൻ പ്രതികരിച്ചു. പല രാജ്യങ്ങളിലും ഇന്നും നീണ്ട സഹനസമരങ്ങൾ കൊണ്ട് നേടിയെടുക്കേണ്ടി വരുന്ന തരത്തിലുള്ള വലിയ മാറ്റങ്ങളാണ് നമ്മുടെ കോടതികൾ ഒരൊറ്റ ഉത്തരവിലൂടെ സാധ്യമാക്കുന്നത്. ലിംഗനീതി നിയമങ്ങളിൽ കേരള ഹൈക്കോടതി നടത്തുന്ന ഇടപെടലുകൾ തികച്ചും മാതൃകാപരമാണെന്നും അഡ്വ. രശ്മിത പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top