യൂത്ത് ലീഗിന്‍റെ നേതൃനിരയില്‍ ആദ്യമായി വനിതകള്‍; മൂന്ന് പേരും ‘ഹരിത’യുടെ തീപ്പൊരി നേതാക്കള്‍; ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ നിരത്തിലിറങ്ങണമെന്ന് ആഹ്വാനം

കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായി വനിതാ നേതാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന് മുസ്ലീം യൂത്ത് ലീഗ്. ‘ഹരിത’ ഭാരവാഹികളായ മൂന്ന് വനിതകളെയാണ് യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും സംസ്ഥാന- ദേശീയ നേതൃത്വങ്ങളിലേക്ക് നിയമിച്ചത്. ‘ഹരിത’യുടെ മുന്‍ സംസ്ഥാന അധ്യക്ഷയായ അഡ്വ.ഫാത്തിമ തഹ്‌ലിയയാണ് യൂത്ത് ലീഗിന്‍റെ ആദ്യ വനിതാ സംസ്ഥാന സെക്രട്ടറി. എംഎസ്എഫിന്‍റെ ദേശീയ വൈസ് പ്രസിഡന്റായി മുഫീദ തസ്നിയെയും ദേശീയ സെക്രട്ടറിയായി നജ്മ തബ്ഷിറയെയും തിരഞ്ഞെടുത്തു.

കാലം മാറുന്നതിന് അനുസരിച്ച് ലീഗ് മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും സ്ത്രീകളുടെ സാന്നിധ്യം ഇല്ലാതെ ഒരു രാഷ്ട്രീയ പ്രതലമുണ്ടാകില്ല എന്ന തിരിച്ചറിവുമാണ് ഇതിനുപിന്നിലെന്ന് അഡ്വ.ഫാത്തിമ തഹ്‌ലിയ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു. വിദ്യാഭ്യാസമുള്ള വനിതകള്‍ വന്നാല്‍ ലീഗിന് സ്ഥാനം ഉണ്ടാകില്ലെന്ന ഇഎംഎസിന്‍റെ വാദങ്ങള്‍ പൊളിക്കുനതാണ് ഈ മാറ്റം – തഹ്‌ലിയ അഭിപ്രായപ്പെട്ടു.

കോഴിക്കോട് സ്വദേശിയായ തഹ്‌ലിയ ജില്ലാ കോടതിയില്‍ വക്കീല്‍ ആയി പ്രാക്ടീസ് ചെയ്ത് വരികയാണ്. എംഎസ്എഫിന്‍റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.നജ്മ തബ്ഷിറ പെരിന്തല്‍മണ്ണ കോടതിയിലാണ്. ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്നി വയനാട്ടിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ആണ്.

മാറ്റങ്ങള്‍ പുറത്തേക്ക് പ്രകടമാകുന്നത് ആദ്യമാണെങ്കിലും വര്‍ഷങ്ങളായി നിരവധി വനിതകള്‍ ലീഗിന്‍റെ താഴെ തട്ടുമുതല്‍ യൂണിറ്റ്‌ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തഹ്‌ലിയ വ്യക്തമാക്കി. കൂടുതല്‍ വനിതകളെ നിരത്തിലേക്ക് കൊണ്ടുവന്ന് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നീക്കം നടത്താന്‍ തന്നെയാണ് പുതിയ നേതൃത്വത്തിന്‍റെ തീരുമാനം.

എംഎസ്എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹരിത പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്. ലീഗ് സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായാണ് ഇവര്‍ വനിതാ കമ്മീഷനില്‍ നൽകിയ പരാതിയിൽ പറഞ്ഞത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്നുമുള്ള ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ലീഗിന്റെ ചൊല്‍പ്പടിയില്‍ ഹരിത നേതാക്കള്‍ നില്‍ക്കില്ലെന്ന് ബോധ്യം വന്നതോടെയാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിത നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ സ്ഥാനമാറ്റം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top