മുസ്ലിങ്ങൾ ‘ഫാഷൻ’ മാറ്റണം; ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് മുഖ്താർ അബ്ബാസ് നഖ്‌വി

പ്രതിപക്ഷം ബിജെപിയുടെ പേരിൽ മുസ്ലിങ്ങൾക്കിടയിൽ ഭയം വളർത്തുകയാണെന്ന് ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വി. ‘തീവ്ര മതേതര സിൻഡിക്കറ്റിലെ ഫ്യൂഡൽ സുൽത്താന്മാർ’ എന്നും പ്രതിപക്ഷത്തെ ലഖ്‌നൗവിൽ നടന്ന ബിജെപി ന്യൂനപക്ഷ മോർച്ച മെമ്പർഷിപ്പ് ഡ്രൈവ് വര്‍ക്ക്‌ഷോപ്പില്‍ അദ്ദേഹം വിശേഷിപ്പിച്ചു. ബിജെപിയെ ന്യൂനപക്ഷങ്ങൾ എതിർക്കുന്നതിന് പകരം അനുഗമിക്കണം എന്നും നഖ്‌വി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ വികസന കാര്യങ്ങളിൽ വിവേചനം കാണിക്കുന്നില്ല. ഈ നിലപാടിൻ്റെ അടിസ്ഥാനത്തിൽ എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവർ പാർട്ടിയെ പിന്തുണയ്ക്കണം. മുസ്ലിം സമുദായത്തിലും മറ്റ് ന്യൂനപക്ഷങ്ങൾക്കൾക്ക് ഇടയിലും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ വോട്ടു ചെയ്യുക എന്നത് പതിറ്റാണ്ടുകളായി ഒരു ഫാഷനാക്കി പ്രതിപക്ഷ പാർട്ടികൾ മാറ്റി. ഈ അവസ്ഥ മാറണം. ന്യൂനപക്ഷങ്ങൾ നിലവിലുള്ള അവിശ്വാസത്തെ വിശ്വാസമാക്കി മാറ്റണമെന്നും ബിജെപി നേതാവ് പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച് സദ്ഭരണത്തിൻ്റെ യാത്രയിൽ എല്ലാവരേയും ഉൾക്കൊണ്ടാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. വഖഫ് നിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമായ അരാജകത്വം അവസാനിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here