സംസ്ഥാനം പിടിക്കാൻ ‘മിയ’ മുസ്ലിങ്ങളെ അനുവദിക്കില്ല; ന്യൂനപക്ഷത്തിൻ്റെ വോട്ടു വേണ്ടെന്ന് അക്രമങ്ങളെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി

നിയമസഭയിൽ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനം പിടിച്ചെടുക്കാൻ ‘മിയ’ മുസ്ലിങ്ങളെ അനുവദിക്കില്ലെന്നും തനിക്ക് ന്യൂനപക്ഷ വോട്ടുകൾ വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് വർഗീയ പ്രസ്താവനയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ‘മിയ’ എന്ന പദം ബംഗാളി വംശജരായ മുസ്ലിങ്ങളെ സൂചിപ്പിക്കുന്നതാണ്. അവർ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് പലപ്പോഴും ആരോപിക്കപ്പെടുന്നത്.
അപ്പർ അസമിലെ ശിവസാഗർ ജില്ലയിൽ നടക്കുന്ന ബംഗാളി മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും ന്യൂനപക്ഷങ്ങൾ നേരിടുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ശർമ. താൻ പക്ഷം പിടിച്ചു സംസാരിക്കും. മിയ മുസ്ലിങ്ങളെ സംസ്ഥാനം കീഴടക്കാൻ അനുവദിക്കില്ല. പ്രതിപക്ഷം അവരുടെ വോട്ടുകൾ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. തനിക്ക് ആ വോട്ടുകൾ ആവശ്യമില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
അപ്പർ അസമിലെ മുസ്ലിം സമുദായത്തിന് നേരെ ഭീഷണി ഉയർത്തുന്ന അജ്ഞാത സംഘടനകൾക്കും മതമൗലികവാദ ഗ്രൂപ്പുകൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് കത്തയച്ചു. 2002ലെ ഗുജറാത്ത് കലാപം അസമിൽ പുനസൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ എംഎൽഎ അഖിൽ ഗൊഗോയ് വിമർശിച്ചിരുന്നു.
ബലാത്സംഗം, കൊള്ളയടിക്കൽ, കൊലപാതകം തുടങ്ങിയ നിരവധി അതിക്രമങ്ങളാണ് അപ്പർ അസമിൽ ദിനംപ്രതി അരങ്ങേറുന്നതെന്ന് സഭ വിട്ടിറങ്ങിയ ശേഷം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഭരണം ആരംഭിച്ചതിനുശേഷം പ്രതിദിനം കുറഞ്ഞത് ആറ് ബലാത്സംഗക്കേസുൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യൻ പൗരൻമാരായ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി വളരെ നിസാരമായി അതിനെ വർഗീയവൽക്കരിച്ച് ന്യായികരണം നിരത്തുകയാണ്. അതിനാലാണ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചതെന്ന് സൈകിയ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here