പാപ്പച്ചനെ കൊല്ലാനുളള ശ്രമം രണ്ടുവട്ടം പരാജയപ്പെട്ടു; അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം തിരിച്ചറിഞ്ഞത് പോലീസിന്റെ മികവ്

മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ കൊല്ലം ബ്രാഞ്ച് മാനേജര്‍ സരിതയും സംഘവും വയോധികനായ നിക്ഷേപകനെ കൊലപ്പെടുത്താന്‍ നേരത്തേയും ശ്രമം നടത്തിയിരുന്നതായി കണ്ടെത്തല്‍. രണ്ടുതവണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കൂടുതല്‍ ആസൂത്രണം നടത്തിയാണ് മൂന്നാംവട്ടം കൊലപാതകം നടത്തിയത്. നിക്ഷേപമായി നല്‍കിയ തുകക്ക് അനുസരിച്ചുളള പലിശ ലഭിക്കാതെ വന്നതോടെയാണ് പാപ്പച്ചന്‍ പരാതി ഉന്നയിച്ചത്. ഇതിനിടെ സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റില്‍ ചില തിരമറികള്‍ കണ്ടെത്തിയതിന് മനേജര്‍ സരിതക്കും ജീവനക്കാരന്‍ അനൂപിനും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പാപ്പച്ചന്റെ പരാതി കൂടി എത്തിയാല്‍ വേഗത്തില്‍ പിടിക്കപ്പെടും എന്ന് ഉറപ്പിച്ചാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

അനിമോന്‍ എന്ന ക്രിമിനലിനെയാണ് കൊല നടത്താനുളള ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ മാഹീന്റെ ഓട്ടോറിക്ഷ ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടുവട്ടം ഇത്തരത്തില്‍ നടത്തിയ ശ്രമങ്ങളിലും മാഹീന്‍ പരാജയപ്പെട്ടു. ഇതോടെയാണ് ഓട്ടോ മാറ്റി കാര്‍ ആക്കിയതും അനിമോന്‍ തന്നെ രംഗത്തെത്തിയതും. രണ്ട് ലക്ഷം രൂപ പറഞ്ഞ് ഉറപ്പാക്കി നടത്തിയ ക്വട്ടേഷന് ക്രമിനല്‍ സംഘം 18 ലക്ഷം രൂപയാണ് സരിതയേയും അനൂപിനേയും ഭീഷണിപ്പെടുത്തി പിന്നീട് വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

നിക്ഷേപത്തിന്റെ കാര്യത്തില്‍ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും അവസാനം വരെ സരിതയേയും അനൂപിനേയും പാപ്പച്ചന് വിശ്വാസമായിരുന്നു. കൊലപാതകം നടന്ന ദിവസം പാപ്പച്ചനെ വീട്ടില്‍ നിന്നും അനൂപ് പുറത്തിറക്കിയത് സരിതക്കൊപ്പം ചായ കുടിക്കാം എന്ന് പറഞ്ഞ് ക്ഷണിച്ചാണ്. ഈ ക്ഷണം സ്വീകരിച്ച് വീടിന് പുറത്തേക്ക് സൈക്കിളില്‍ ഇറങ്ങിയ പാപ്പച്ചനെ അനൂപ് ബൈക്കിലും അനിമോന്‍ കാറിലും പിന്‍തുടര്‍ന്നു. നേരത്തെ നിശ്ചയിച്ച സ്ഥലത്ത് എത്തിയപ്പോള്‍ അനൂപ് സൈക്കിളിനെ മറികടന്ന് ബൈക്ക് ഓടിച്ച് പോവുകയും അനിമോന്‍ പാപ്പച്ചനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. പിന്നാലെ കാര്‍ പാപ്പച്ചന്റെ ശരീരത്തില്‍ കൂടി കയറ്റി ഇറക്കി ഓടിച്ചു പോയി. സംഭവ സ്ഥലത്ത് കാത്തു നിന്ന് മാഹീന്‍ രക്ഷാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഓടിയെത്തി പാപ്പച്ചനെ ആംബുലന്‍സില്‍ കയറ്റിവിട്ടു. മരണം ഉറപ്പിക്കാനാണ് മാഹീനെ സംഭവ സ്ഥലത്ത് നിര്‍ത്തിയത്.

ഭാര്യ ഒപ്പമില്ലാത്തതിന്റേയും മക്കള്‍ വിദേശത്തായതിന്റേയും വിഷമങ്ങള്‍ പാപ്പച്ചന്‍ പ്രതികളോട് പറഞ്ഞിരുന്നു. ഓഹരി ഇടപാടുകളിലടക്കം വിദഗ്ദ്ധനായ പാപ്പച്ചന്റെ കൈയ്യില്‍ എത്ര പണം ഉണ്ടെന്ന് മക്കള്‍ക്ക് വ്യക്തതയില്ലെന്നതും പ്രതികള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് കൊല ചെയ്താല്‍ പണത്തിനായി ആരും അന്വേഷിച്ച് വരില്ലെന്ന് ഉറപ്പിച്ചത്. കണക്ക് കൂട്ടല്‍ എല്ലാം തകര്‍ത്തത് വാഹനാപടകത്തില്‍ അറസ്റ്റിലായ അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം തിരച്ചറിഞ്ഞ പോലീസിന്റെ മികവായിരുന്നു. ഇതോടെ പാപ്പച്ചന്റെ മകള്‍ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ പോലീസ് വിശദമായി തന്നെ അന്വേഷണം നടത്തി. ഇതിലാണ് പ്രതികളുടെ ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top