അഗസ്റ്റിന്‍ സഹോദരങ്ങളെ രക്ഷിക്കാന്‍ റവന്യൂ വകുപ്പ് ശ്രമിക്കുന്നു; മുട്ടില്‍ മരംമുറിയില്‍ സിപിഐക്കെതിരെ സിപിഎം; കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണം

കല്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ മുഖ്യപ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ രക്ഷിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി സിപിഎം. ആദിവാസികളുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ രംഗത്തെത്തിയത്.

റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനുമാണ് കുറ്റക്കാര്‍. കര്‍ഷകര്‍ കുറ്റക്കാരല്ലെന്ന് കണ്ടാണ് പ്രത്യേക അന്വേഷണസംഘം അവരെ ഒഴിവാക്കിയത്. അതിനാല്‍ കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഗഗാറിന്‍ വ്യക്തമാക്കി.

ഏഴുകോടിരൂപ പിഴനല്‍കണമെന്നാവശ്യപ്പെട്ട് 35 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ മരംമുറിക്കേസിന്റെ സൂത്രധാരനായ റോജി അഗസ്റ്റിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. 27 കേസുകളില്‍ വനംവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കും. അതേസമയം മറുവാദവുമായി റവന്യൂ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്.

കെ.എല്‍.സി. നയപ്രകാരം കര്‍ഷകരും മരംവാങ്ങിയവരും ഒരുപോലെ ഉത്തരവാദികളാണ്. അതുകൊണ്ട് കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കുക എന്നത് സ്വാഭാവിക നടപടിക്രമമാണ്. അത് ചെയ്യാതിരിക്കാന്‍ കഴിയില്ല. റോജി അഗസ്റ്റിന്‍ കബളിപ്പിച്ച ഏഴുപേരെ ഒഴിവാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കണമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top