ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന യുവാവിന്റെ മൃതദേഹം 4-ാം ദിവസവും മോർച്ചറിയിൽ തന്നെ; ഉറ്റവരെത്തിയില്ലെങ്കിൽ കേരളത്തില്‍ തന്നെ സംസ്ക്കരിച്ചേക്കും

കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന അതിഥി തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. മരണം കഴിഞ്ഞ് നാലാം ദിവസമായിട്ടും മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആരും വന്നില്ലെങ്കില്‍ മൃതദേഹം കേരളത്തിൽ തന്നെ സംസ്കരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

ബന്ധുക്കള്‍ എത്താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. എത്തിയാല്‍ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിയുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. അത്രയേറെ സാമ്പത്തിക പരാധീനതകളിലാണ് ഇവരുടെ കുടുംബം എന്ന വിവരമാണ് അധികൃതര്‍ക്ക് ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഇവർ അഭ്യർഥിച്ചിട്ടുണ്ട്.

ഈ മാസം അഞ്ചിനു രാത്രിയാണ് സംഭവം. മൂവാറ്റുപുഴ വാളകത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന അശോക് ദാസ് കൂടെ ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു. വീട്ടിലിരുന്ന് മദ്യപിച്ച അശോക് ദാസും മുറിയിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയുമായി വഴക്കുണ്ടായി.തുടര്‍ന്ന് അലമാരയിൽ ഇടിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞ കയ്യുമായി പുറത്തു വന്ന അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോള്‍ ആൾക്കൂട്ടം ഓടിച്ചിട്ടു പിടിച്ച് കെട്ടിയിടുകയായിരുന്നു. ഇതിനിടയിൽ ഏറ്റ ക്രൂരമായ മര്‍ദനമാണു മരണത്തിനു കാരണമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top