മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; ലീഗിന്റെ ശ്രമം മതവികാരം ആളിക്കത്തിക്കാന്‍; ആരോപണവുമായി എംവി ഗോവിന്ദന്‍
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ വിമര്‍ശനം ഉപയോഗിച്ച് മുസ്ലിം ലീഗ് മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമര്‍ശനമാണ്. അതിന് രാഷ്ട്രീയമായി മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രി പറഞ്ഞ വിമര്‍ശനം ആദ്യമായി ഉയരുന്നതല്ല. ലീഗ് ജമാ അത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കലിലാണെന്നത് 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലം മുതല്‍ സിപിഎം പറഞ്ഞുവരുന്നത്. അത് മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പൊഴും പറയുന്നു. അത് വെറുതേ പറഞ്ഞതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും യുഡിഎഫുമായി ചേര്‍ന്ന് സിപിഎമ്മിന് എതിരായ പ്രചാരവേല നടത്തുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സാദിഖലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റാണ്. ആ പ്രസിഡന്റിനെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ അതിനപ്പുറം കടന്ന് സാദിഖലിയെ സംബന്ധിച്ച് പറഞ്ഞാല്‍ വിവരമറിയും എന്ന് പറയുന്നത് ശരിയല്ല. ഉളുപ്പില്ലാത്തവരുടെ പ്രചാരണ കോലാഹലമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പരിഹസിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here