വിദേശസര്‍വ്വകലാശാലാ വിഷയത്തിൽ ഉള്ളതുപറഞ്ഞ് എംവി ഗോവിന്ദന്‍; വിവരമറിഞ്ഞത് ബജറ്റിലൂടെ, ഒരു ചർച്ചയും ഉണ്ടായില്ലെന്ന് യെച്ചൂരിയെ അറിയിച്ചു
ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ഒരു ചര്‍ച്ചയും പാർട്ടിയിൽ നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയെ അറിയിച്ചു. ബജറ്റിൽ ഈ പ്രഖ്യാപനം എങ്ങനെയുണ്ടായെന്ന് അറിയില്ല എന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. ഇതോടെ വിദേശ സര്‍വ്വകലാശാലാ വിഷയത്തില്‍ മന്ത്രി കെഎന്‍ ബാലഗോപാലിന് പിന്നോട്ട് പോകേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനോട് നയംമാറ്റത്തിലെ ആശങ്ക യെച്ചൂരി അറിയിച്ചിട്ടുണ്ട്. തല്‍കാലം ഇതിൻ്റെ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കില്ല. വിവാദം ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലെന്ന് നേതാക്കള്‍ക്ക് പാർട്ടി നേതൃത്വം നിർദേശം നൽകി. ഇതോടെ മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി സെക്രട്ടറിക്ക് ഒരു മുഖവും നേതൃത്വത്തിന് മുന്നിൽ യഥാർത്ഥ മുഖവുമായി.
വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസ് അനുവദിക്കുന്നത് സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിന് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ സിപിഎം അനൗദ്യോഗിക അന്വേഷണം നടത്തും. മന്ത്രിയോടും വസ്തുത ചോദിച്ച് മനസിലാക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ പ്രമുഖരും ഇത് അറിഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ മന്ത്രി ബിന്ദുവിനെയോ അറിയിക്കാതെയാണ് നയപരമായ മാറ്റം ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ മന്ത്രി ബിന്ദുവും അതൃപ്തി അറിയിച്ചതായാണ് സൂചന. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാള്‍ ബിന്ദുവിന്റെ ഭര്‍ത്താവായ വിജയരാഘവനാണ്. വിജയരാഘവനും എംഎ ബേബിയും ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. എംവി ഗോവിന്ദനും അനുകൂലിക്കില്ല. ഇതോടെ പാർട്ടി പോളിറ്റ് ബ്യൂറോയിലെ മലയാളികളില്‍ പിണറായി ഒഴികെയുള്ളവര്‍ വിദേശ സര്‍വ്വകലാശാലയ്ക്ക് എതിരാണെന്ന് വരികയാണ്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ പ്രമുഖന്‍ സമീപകാലത്ത് വിവിധ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് വിദേശ സര്‍വകലാശാലാ കാമ്പസ്, വിദേശത്ത് നാലിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെയുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കളും അറിഞ്ഞില്ല. മുമ്പ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും കരട് ബില്‍ തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് പൂര്‍ണമായും ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും മന്ത്രിയുടെയും അറിവോടെയായിരുന്നു. എന്നാൽ ഇത്തവണ മന്ത്രിയെ പൂർണമായും ഇരുട്ടിൽ നിർത്തിയായിരുന്നു നീക്കങ്ങൾ.
യൂറോപ്, യുഎസ്എ, ഗള്‍ഫ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിൻ്റെ വിശദാംശങ്ങളും വകുപ്പിൻ്റെ പക്കലില്ല. ഇത് പൂര്‍ണമായും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിൻ്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കാനാണ് ബജറ്റ് നിര്‍ദേശം. ഇതിനെയും പാർട്ടിയുടെ ദേശീയ നേതൃത്വം എതിര്‍ക്കും. ബജറ്റില്‍ വിദേശ സര്‍വ്വകലാശാലകള്‍ക്കുള്ള ശുപാര്‍ശ നല്‍കിയത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അല്ലെന്ന് വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. നയരൂപീകരണത്തിനായി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത് ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടില്ലെന്നും രാജന്‍ ഗുരുക്കള്‍ പറയുന്നു. വിവാദം ശക്തമാകുമ്പോഴും സ്വകാര്യ, വിദേശ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യുമെന്നാണ് രാജന്‍ ഗുരുക്കളുടെ നിലപാട്.
നയപരമായ പല കാര്യങ്ങളിലും വകുപ്പിനെ മറികടന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളിലേക്ക് പോകുന്നുവെന്ന പരാതി ഉന്നത വിദ്യാഭ്യാസവകുപ്പിന് നേരത്തെയുണ്ട്. ഈ പരാതി പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ് ഇപ്പോഴത്തെ വിവാദം. ധനവകുപ്പ് തന്നെ ഉന്നതതലങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷം എടുത്ത നയപരമായ തീരുമാനമായിരിക്കാം വിദേശ സര്‍വ്വകലാശാലയെന്നാണ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്റെ വിശദീകരണം. സ്വകാര്യ, വിദേശ സര്‍വ്വകലാശാലകള്‍ക്കായുള്ള നയരൂപീകരണത്തിന് കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള ചുമതല കൗണ്‍സിലിന് നല്‍കിയതിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല എന്ന് രാജന്‍ ഗുരുക്കള്‍ സമ്മതിച്ചു.
സിപിഎം പൊളിറ്റ് ബ്യൂറോ 2023-ല്‍ മുന്നോട്ടുവെച്ച നിലപാടിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന വിമര്‍ശനം ശക്തമാണ്. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിൻ്റെ നീക്കം ഒരു കൂട്ടം ഉപരിവര്‍ഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നായിരുന്നു പിബി ചൂണ്ടിക്കാണിച്ചത്. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ അതിനിശിതമായിട്ടാണ് പിബി വിമര്‍ശിച്ചത്. ഏകപക്ഷീയമായ ഈ നീക്കത്തില്‍ നിന്ന് യുജിസിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്നേഹ ശക്തികളും രംഗത്തിറങ്ങണമെന്നായിരുന്നു പി.ബിയുടെ പഴയ പ്രസ്താവന. പാർട്ടി ഇങ്ങനെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ ആരോരുമറിയാതെയുള്ള നയംമാറ്റം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here