ലീഗുമായി തൊട്ടുകൂടായ്മയില്ല; ഏക സിവിൽ കോഡിൽ കോൺഗ്രസിന് പല നിലപാടെന്ന് എം.വി ഗോവിന്ദൻ
മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രശ്നാധിഷ്ഠിതമാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകൾ മുൻനിർത്തി പാലമിടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്. ഏക സിവില്‍ കോഡിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടുകളാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
“മുസ്‍ലിം ലീഗിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞല്ലോ. ഞങ്ങൾക്ക് ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങൾ മുൻപും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്, ഇനിയും പിന്തുണയ്ക്കും. മുന്നണിയിലേക്കു വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല. അപ്പുറത്തെ മുന്നണിയിൽ നിൽക്കുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഇപ്പുറത്തു നിൽക്കുന്ന ഞാനാണോ പറയേണ്ടത്? അത് അവർ കൈക്കൊള്ളേണ്ട തീരുമാനമാണ്. രാഷ്ട്രീയ തീരുമാനമാണ്,” എം.വി ഗോവിന്ദൻ പറഞ്ഞു.
“കോൺഗ്രസിന് ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദേശീയ തലത്തിൽ ഞങ്ങൾ ഒരേ നിലപാട് സ്വീകരിക്കുന്നു എന്ന് കോൺഗ്രസ് പറഞ്ഞാൽ അവരെയും ഇതിനെതിരായ മുന്നേറ്റത്തിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിക്കും. ഇപ്പോൾ കേരളത്തിൽ ഏക സിവിൽ കോഡിനെതിരെ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദം തന്നിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. അതായത്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടിയുമായി ചേർന്ന് നമുക്ക് മുന്നോട്ടു പോകാനാകില്ല,” ഗോവിന്ദൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here