ഗവര്‍ണറുടേത് ‘തൊരപ്പൻ പണി’ ; രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ബില്ലുകൾ ഒപ്പിടാതെ ഗവർണ പിടിച്ചുവച്ചിരിക്കുന്നത് തൊരപ്പൻ പണിയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ വിമർശനം. കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതി വിധി തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ക്ക്. ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി കോടതിയോടുള്ള ധിക്കാരമാണ്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാര്‍ വാദങ്ങളൊന്നും കോടതി തള്ളിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഭരണഘടന വിരുദ്ധമായാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതി തള്ളിയിട്ടും ഗവര്‍ണര്‍ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണ്. പരമോന്നത നീതിപീഠത്തെ മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടത്. ഗവര്‍ണര്‍ രാജി വെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തട്ടെ. അദ്ദേഹത്തിന് നല്ലത് രാഷ്ട്രീയമാണെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“ഗവർണർക്ക് പഴയതുപോലെ രാഷ്ട്രീയ പ്രവർത്തനമാണ് നന്നാവുക. അദ്ദേഹം രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണം. ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. ബില്ല് തടഞ്ഞു വച്ചതിനെതിരെ സര്‍ക്കാര്‍ കോടതിയിൽ പോകുന്നത് തടയാനും ഗവർണർ ശ്രമിച്ചു. കേരളത്തിന്റെ ഹർജി തള്ളണം എന്ന് കേന്ദ്രവും ആവശ്യപ്പെട്ടു. എന്നാൽ ആ നാടകങ്ങൾ സുപ്രീം കോടതിയിൽ വിലപ്പോയില്ല. ഗവർണർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. ബില്ലുകൾ അനന്തമായി പിടിച്ചു വെയ്ക്കാൻ ഗവർണർക്ക് അധികാരമില്ല.

സുപ്രീംകോടതി നിലപാട് വ്യക്തമായി പുറത്തു വന്നിട്ടും അതിനെ അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രസിഡന്റിനോടാണ് തനിക്ക് മറുപടി പറയാൻ ബാധ്യത എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഭരണഘടനാ വിരുദ്ധം. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്. സുപ്രീംകോടതിയോടുള്ള അനാദരവാണത്. കോടതിയെ ധിക്കരിക്കുന്നതിന് തുല്യം. ഗവർണർ പദവി ഒഴിയണം. ഗവർണർ രാജിവയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറി”- എന്നായിരുന്നു ഗോവിന്ദന്റെ വാക്കുകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top