വിവാദ പ്രസ്താവന വിശദീകരിച്ച് എം.വി. ഗോവിന്ദൻ; ഭീകരപ്രവർത്തനമെന്ന പരാമർശം ഒഴിവാക്കി
തിരുവനന്തപുരം: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രതികരണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പലസ്തീന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യം പലരീതിയില്‍ വ്യാഖ്യാനിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്ന കനുഗോലുവിന്റെ ‘സിദ്ധാന്തമാണ്’ തന്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചതിന് പിന്നിലെന്നും ഗോവിന്ദൻ ആരോപിച്ചു.
“കളമശേരിയിലേത് ഭീകരമായ പ്രവർത്തനമാണെന്നാണ് ഞാൻ പറഞ്ഞത്. ‘പലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണോ വിലയിരുത്തൽ’ എന്ന ചോദ്യത്തിനാണ്, രാഷ്ട്രീയമായി പരിശോധിച്ചാൽ ഇത്തരത്തിലുള്ള ദാരുണ സംഭവം സംബന്ധിച്ച് സർക്കാർ ഗൗരവമായ പരിശോധന നടത്തണമെന്നും സർക്കാർ ഇത് സംബന്ധിച്ച് കർശനമായ നടപടിയെടുക്കണമെന്നും പറഞ്ഞു” -ഗോവിന്ദൻ ഇന്ന് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
കഴിഞ്ഞ ദിവസത്തെ തൻ്റെ പ്രസ്താവന ഒരിക്കൽ കൂടി മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ച എം.വി. ഗോവിന്ദൻ, അത് പലരീതിയില്‍ വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരപ്രവർത്തനമെന്ന് പറയേണ്ടിവരും എന്നായിരുന്നു സ്ഫോടന ദിവസം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭീകരപ്രവർത്തനം എന്ന പരാമര്‍ശം ഇന്ന് അദ്ദേഹം ഒഴിവാക്കി. മാധ്യമ പ്രവർത്തകർ ഇത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.
എം.വി. ഗോവിന്ദൻ ഇന്ന് വായിച്ചത്
“ലോകമെമ്പാടും പലസ്തീൻ ജനങ്ങളോട് ഒത്തുചേർന്ന് മുന്നോട്ട് പോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തിൽ കേരള ജനത ഒന്നടങ്കം അവർക്കൊപ്പം നിന്ന് പൊരുതുമ്പോൾ, അതിൽ നിന്ന് ജനശ്രദ്ധമാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സർക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി അഭിമുഖീകരിക്കേണ്ടതുണ്ട്. ഇതാണ് ഞാൻ നടത്തിയ പ്രസ്താവന. അപ്പോൾ,പലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ ഈ സംഭവമെന്ന വിലയിരുത്തലാണോ ഉള്ളതെന്ന് പത്രക്കാർ ചോദിച്ചു.
രാഷ്ട്രീയമായി പരിശോധിച്ചാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദാരുണ സംഭവം സംബന്ധിച്ച് ഗൗരവപൂർവ്വമായ പരിശോധന നടത്തണം.സർക്കാർ പരിശോധിച്ച് കർശനമായി നടപടി എടുക്കും.” – എന്ന് മറുപടി പറഞ്ഞതായും ഗോവിന്ദൻ ചൂണ്ടിക്കാട്ടി
സ്ഫോടന ദിവസം എം.വി. ഗോവിന്ദൻ പറഞ്ഞത്
“ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും . ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ..”
ഇന്നത്തെ വിശദീകരണത്തിൻ്റെ തുടർച്ച…
“ഞാൻ പറഞ്ഞ് വന്നത് ഇത്തരത്തിലുള്ള സംഭവങ്ങൾ വെറുതേ ഉണ്ടാകില്ലല്ലോ? ഏതാ സംഭവമെന്ന് മനസിലാവില്ലല്ലോ? ഇവിടെയാണല്ലോ നമുക്ക് പിന്നീട് മനസിലായത്. മണിക്കൂറുകൾ കഴിയുമ്പോഴേക്കും കൃത്യമായ വിവരം കിട്ടി. ഇല്ലെങ്കിൽ എന്താകുമായിരുന്നു സംഭവം. കേൾക്കുമ്പോൾ എല്ലാവരും പലരീതിയിൽ അല്ലേ ആലോചിക്കുക. പല രീതിയിൽ ആലോചിച്ചു. സ്വാഭാവികമായി ചോദ്യം ചോദിച്ചപ്പോൾ ആ ചോദ്യത്തിന് മറുപടി പറഞ്ഞു എന്നുമാത്രം. അതൊരു വർഗീയ ധ്രുവീകരണമാണ് എന്ന് പറഞ്ഞാൽ അതിന് എന്ത് അർത്ഥമാണ് ഉള്ളത്. ശുദ്ധ അസംബന്ധം എന്നല്ലാതെ എന്ത് പറയാനാണ് ” – എം.വി. ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം ഉത്തരവാദിത്വമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വര്‍ഗീയ ധ്രുവീകരണത്തിനാണ് കേന്ദ്രമന്ത്രി ശ്രമിച്ചത്. പ്രബുദ്ധ കേരളം ഈ ദുഷ്ടലാക്കിനെ പൊളിച്ച് കൊടുത്തു. ബിജെപി നേതാക്കളുടെ നിലപാട് നാടിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു വര്‍ഗീയതയെയും താലോലിക്കുന്ന നിലപാട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. അത്തരം നിലപാട് കേന്ദ്ര സർക്കാരിനാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസ് നേതാവ് മലപ്പുറത്ത് നടത്തിയ ഓൺലൈൻ പ്രസംഗത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും സർക്കാരാണ്. ഇസ്രയേലിൻ്റെ കടന്നാക്രമണത്തെയും ക്രൂരതകളേയും ചെറുക്കുന്നവരോട് തങ്ങൾക്ക് ഒരു അനുകൂല നിലപാടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് ഇത്തരം ആള്‍ക്കാരുടെ ഉള്ളിലിരുപ്പ്. വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഒരിക്കല്‍ കൂടി വ്യക്തമായെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here