എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ തള്ളി സിപിഎം; യാത്രയയപ്പ് യോഗത്തിലുള്ള വിമര്‍ശനം ഒഴിവാക്കേണ്ടിയിരുന്നു

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സിപിഎം. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. രാവിലെ ഈ പ്രശ്നത്തില്‍ പ്രതികരിക്കാന്‍ എം.വി.ജയരാജന്‍ തയ്യാറായിരുന്നില്ല.
നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ നേരിടേണ്ടി വന്നാല്‍ പലരും ജനപ്രതിനിധികളോട് സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇത് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്.
ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ അപമാനിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എഡിഎം എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വന്‍ പ്രതിഷേധമാണ് എഡിഎമ്മിന്റെ ആത്മഹത്യയില്‍ ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here